മഹാത്മാഗാന്ധി സർവകലാശാലയിൽ
ബി.എഡ്. പ്രവേശനം;
അപേക്ഷ ഒക്ടോബർ 31 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) ഒക്ടോബർ 21 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.mgu.ac.in എന്ന ക്യാപ് വെബ്സൈറ്റിലൂടെ ഒക്ടോബർ 31 വരെ അപേക്ഷിക്കാം. മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലേക്ക് ഏകജാലകം വഴി അപേക്ഷിച്ച ശേഷം അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷയ്ക്കൊപ്പം നൽകണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷ നൽകാനാകില്ല. ഭിന്നശേഷി, സ്പോർട്സ് സംവരണ സീറ്റിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകൾ കോളജുകൾ ഓൺലൈനായി പരിശോധിക്കും.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനം പൂർണമായും ഓൺലെനിലാണ് നടക്കുക. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ്, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ടസ് വായിച്ചശേഷം അപേക്ഷ നൽകുക. സംവരണാനുകൂല്യത്തിനായി പ്രോസ്പെക്ടസിൽ നിർദേശിക്കുന്ന സാക്ഷ്യപത്രങ്ങൾ തന്നെയാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. നിർദിഷ്ട സാക്ഷ്യപത്രങ്ങൾക്കു പകരം മറ്റുള്ളവ അപ്ലോഡ് ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെടാം. അപ്ലോഡ് ചെയ്യേണ്ട സാക്ഷ്യപത്രങ്ങൾ: എസ്.സി./എസ്.ടി. സംവരണാനുകൂല്യം- ജാതി സർട്ടിഫിക്കറ്റ്, എസ്.ഇ.ബി.സി./ഒ.ഇ.സി. സംവരണാനുകൂല്യം- ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (ഒറ്റ ഫയലായി) അല്ലെങ്കിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇ.ഡബ്ല്യൂ.എസ്.- ഇൻകം ആൻഡ് അസറ്റ്സ് സർട്ടിഫിക്കറ്റ്, എൻ.സി.സി./എൻ.എസ്.എസ്. ബോണസ് മാർക്കിന്- ബിരുദതലത്തിലെ സാക്ഷ്യപത്രം, വിമുക്തഭടൻ/ജവാൻ ആശ്രിതർക്കുള്ള ബോണസ് മാർക്കിന്- ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നുള്ള സാക്ഷ്യപത്രം (കര/നാവിക/വ്യോമ സേന വിഭാഗം മാത്രം).
സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടുതലായി നൽകിയ ശേഷം സംവരണം ആവശ്യമില്ലെന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം. എസ്.സി./എസ്.ടി. വിഭാഗത്തിന് 725 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. സാധ്യത അലോട്ട്മെന്റ് നവംബർ അഞ്ചിനും ഒന്നാം അലോട്ട്മെന്റ് നവംബർ 10നും പ്രസിദ്ധീകരിക്കും. നവംബർ 30ന് ക്ലാസ് ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും.
…………………………………………….
2020 October 19
©️ Mahatma Gandhi University
www.mgu.ac.in

mguniversity