Tuesday, February 20, 2024
HomeKPSCLDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾ

LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾ

ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽ.ഡി.സി., പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സർക്കാർ ഉദ്യോഗം എന്ന മധുരസ്വപ്നം കൈപ്പിടിയിലൊതുക്കാനുള്ള പരിശ്രമം തുടങ്ങാൻ സമയമായി. ചിട്ടയായ പരിശീലനത്തോടെ 2024-ലെ എൽ.ഡി.സി. പരീക്ഷയിൽ വിജയത്തിന്റെ പൊൻകിരീടം സ്വന്തമാക്കാം. ഒരു ലക്ഷത്തിലേറെ ജീവനക്കാരാണ് വരും വർഷങ്ങളിൽ വിരമിക്കാനിരിക്കുന്നത്

വലുതാണ് നേട്ടം

യോഗ്യതയായി അടിസ്ഥാന വിദ്യാഭ്യാസം SSLC മാത്രം മതി, ചിട്ടയായ പരിശീലനത്തിലൂടെ സാധാരണക്കാർക്കും വിജയിക്കാൻ കഴിയും, മറ്റൊരു തസ്തികയിലുമില്ലാത്തത്ര നിയമനം, മികച്ച പ്രമോഷൻ സാധ്യതകൾ എന്നിവയെല്ലാം എൽ.ഡി. ക്ലാർക്ക് തസ്തികയ്ക്ക് മാത്രമുള്ള ആകർഷണീയതയാണ്. ജനങ്ങളുമായി ചേർന്നുനിൽക്കുന്ന ജോലി സാഹചര്യം, സവിശേഷ അധികാരങ്ങൾ, മികച്ച ശമ്പളഘടന എന്നിവയും ഈ തസ്തികയെ വേറിട്ടതാക്കുന്നു. ഉയർന്ന യോഗ്യതകൾ നേടിയിട്ടുള്ളവർക്ക് എൽ.ഡി.സി.യിലൂടെ ഉന്നതമായ തസ്തികകളിലേക്ക് എളുപ്പത്തിൽ മാറാനുമാവും. വില്ലേജ് ഓഫീസർ, സബ് രജിസ്ട്രാർ, അസിസ്റ്റന്റ് സെക്രട്ടറി, തഹസിൽദാർ എന്നീ കണ്ണായ ഉദ്യോഗങ്ങളെല്ലാം എൽ.ഡി. ക്ലാർക്കിന്റെ പ്രൊമോഷൻ തസ്തികകളാണ്.’സാധാരണക്കാരന്റെ ഐ.എ.എസ്’ എന്ന് എൽ.ഡി. ക്ലാർക്ക് പരീക്ഷയെ വിശേഷിപ്പിക്കാറുണ്ട്. വിവിധ ജില്ലകളിൽ എൽ.ഡി.സി. റാങ്ക് ലിസ്റ്റിൽ ആദ്യസ്ഥാനങ്ങളിലെത്തുന്നവരുടെ മത്സരനിലവാരവും കാര്യവിവരവും ഈ പ്രയോഗത്തെ ഏതാണ്ട് ശരിവയ്ക്കുന്നതുമാണ്.

ചെറുതല്ല ചുമതലകൾ

കേരളത്തിൽ 110 ഓളം സർക്കാർ വകുപ്പുകളുണ്ട്. ഇവയിൽ ക്ലാർക്ക് തസ്തികയില്ലാത്ത വകുപ്പുകൾ വിരലിൽ എണ്ണാവുന്നവ മാത്രം. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്നതും ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരുള്ളതുമായ റവന്യൂ, പഞ്ചായത്ത്, കൃഷി, വിദ്യാഭ്യാസം, വ്യവസായം, രജിസ്ട്രേഷൻ, മോട്ടോർ വെഹിക്കിൾ തുടങ്ങിയ വകുപ്പുകളിലൊക്കെ നിർണായകമായ ജോലികൾ നിർവഹിക്കുന്നത് എൽ.ഡി. ക്ലാർക്കുമാരാണ്. ഫയൽ ആരംഭിക്കുന്നതും തീരുമാനമായി അവസാനിക്കുന്നതും എൽ.ഡി. ക്ലാർക്കുമാരുടെ സീറ്റുകളിലാണ്.

വിവിധ വകുപ്പുകളിൽ ലഭിക്കുന്ന പല സ്വഭാവങ്ങളിലുള്ള അപേക്ഷകളും പരാതികളും മറ്റ് തപാലുകളും തങ്ങളുടെ രജിസ്റ്ററിൽ ചേർത്ത് ഫയലുകളാക്കി മാറ്റുന്നത് ക്ലാർക്കുമാരാണ്. വിവിധ രേഖകളിൽ ആദ്യഅഭിപ്രായം രേഖപ്പെടുത്തുന്നതും നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതും എൽ.ഡി. ക്ലാർക്കുമാരുടെ സീറ്റുകളിൽനിന്നാണ്. ഉന്നതാധികാരികളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളെ ഉത്തരവുകളും കത്തുകളുമൊക്കെയായി മാറ്റുന്നതും ക്ലാർക്കുമാരാണ്. ഓരോ വകുപ്പിലെയും നിരവധി ഉത്തരവുകളുടെയും മാർഗരേഖകളുടെയും വിശദാംശങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതും അവ നടപ്പാക്കാൻ നടപടിയെടുക്കുന്നതും ക്ലാർക്കുമാരാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ കാര്യക്ഷമതയുള്ളവരും പ്രാപ്തിയുള്ളവരുമായവർ ഈ ഉദ്യോഗത്തിലെത്തേണ്ടത് സർക്കാർ സംവിധാനത്തിന്റെ മികച്ച പ്രവർത്തനത്തിന് പ്രധാനമാണ്. പരീക്ഷയുടെ ഉയർന്ന നിലവാരം അതിന്റെ സൂചനയാണ്.

ഉയർന്നുപോകാം;സ്ഥാനത്തിലും ശമ്പളത്തിലും

ക്ലാർക്ക് തസ്തികയിലെ സ്ഥാനക്കയറ്റത്തിന്റെ സാമാന്യഘടന ഇപ്രകാരമാണ് – എൽ.ഡി. ക്ലാർക്ക്-സീനിയർ ക്ലാർക്ക്-ഹെഡ്ക്ലാർക്ക്-ജൂനിയർ സൂപ്രണ്ട്-സീനിയർ സൂപ്രണ്ട്-അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ഓഫീസർ. വിവിധ വകുപ്പുകളിൽ നിശ്ചിത യോഗ്യതയുള്ള എൽ.ഡി. ക്ലാർക്കുമാർക്ക് മറ്റ് ഉയർന്ന തസ്തികകളിലേക്ക് മാറാനുള്ള അവസരവുമുണ്ട്. ഉദാഹരണത്തിന് പഞ്ചായത്ത് വകുപ്പിൽ ജോലി ലഭിക്കുന്ന എൽ.ഡി.സി.ക്ക് ബിരുദം യോഗ്യതയുള്ള പക്ഷം അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് മാറാനാവും. ഇതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങിയ തസ്തികകളിലേക്ക് ഉയരാനുമാകും. സഹകരണ വകുപ്പിൽ ജോലി ചെയ്യുന്നവരിൽ എച്ച്.ഡി.സി.യോഗ്യതയുള്ളവർക്ക് ഇൻസ്പെക്ടർ പദവിയിലേക്ക് മാറാം. അതുപോലെതന്നെ പോലീസ് വകുപ്പിലെ എൽ.ഡി. ക്ലാർക്കിന് എസ്.ഐ. തസ്തികയിലേക്കും യോഗ്യതകളുള്ള പക്ഷം മാറാനാവും

എൽ.ഡി.ക്ലാർക്ക് തസ്തികയിലെ ഇപ്പോഴത്തെ ശമ്പളം 26,500-60,700 എന്ന സ്കെയിലിലാണ്. നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ഡി.എ. ഏഴ് ശതമാനമാണ്. മറ്റൊരു 14 ശതമാനം ഡി.എ. ഇപ്പോൾ കുടിശ്ശികയാണ്. അടിസ്ഥാന ശമ്പളം, ഡി.എ., മറ്റാനുകൂല്യങ്ങൾ എന്നിവ ചേർത്ത് നിലവിൽ 31,000 രൂപയ്ക്ക് ഈ തസ്തികയിൽ തുടക്കത്തിൽ ലഭിക്കുക. കുടിശ്ശികയുള്ള ഡി.എ. തുക കൂടി ലഭിക്കുമ്പോൾ പ്രതിമാസം 35,000 ത്തോളം രൂപ ശമ്പളം ലഭിക്കും.

ഒഴിവുകളുടെ പെരുമഴ

1.10 ലക്ഷം ജീവനക്കാരാണ് 2023 മുതൽ 2027 വരെയുള്ള അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ സർവീസിൽനിന്ന് വിരമിക്കുന്നത്. 2023-ൽ 21,000, 2024-ൽ 21,600, 2025-ൽ 22,185, 2026-ൽ 23424, 2027-ൽ 23714 എന്നിങ്ങനെയാണ് വിരമിക്കുന്നവരുടെ എണ്ണം. ഇതിന്റെ ഫലമായുണ്ടാകുന്ന ഒഴിവുകളിൽ 50 ശതമാനത്തോളം എൽ.ഡി. ക്ലാർക്ക് തസ്തികകളിലാണ് പ്രതിഫലിക്കുക. ഇനി നടക്കാൻ പോകുന്ന പരീക്ഷകളിലൂടെ റാങ്ക് ലിസ്റ്റിൽ കടക്കുന്നവർക്കാണ് മുകളിൽ പറഞ്ഞ ഒഴിവുകളുടെ ഗുണഫലം ലഭിക്കാൻ പോകുന്നത്.

KAS ആകാനും അവസരം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിലേക്കുള്ള എളുപ്പവഴി കൂടിയാണ് ക്ലാർക്ക് തസ്തിക. സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിലേക്കെല്ലാം തന്നെ യോഗ്യതയനുസരിച്ച് ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലിചെയ്യുന്നവർക്ക് നിയമനത്തിനായി നിശ്ചിത എണ്ണം തസ്തികകൾ മാറ്റിവെക്കുന്നുണ്ട്. സർക്കാർ സർവീസിൽപ്രവേശിച്ച് കുറഞ്ഞകാലത്തെ സേവനം പൂർത്തിയാക്കുമ്പോൾ തന്നെ ഉയർന്ന തസ്തികകളിൽ നീക്കിവെച്ചിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ജീവനക്കാരന് കഴിയുന്നു.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലും നോൺ ഗസറ്റഡ് വിഭാഗത്തിലെ ജീവനക്കാർക്ക് മറ്റ് വിഭാഗങ്ങളെപ്പോലെ തുല്യഎണ്ണം ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബി.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എന്നിവയെല്ലാം ചെറിയ തസ്തികകളിലുള്ള ജീവനക്കാർക്ക് ഒഴിവുകൾ നീക്കിവെച്ചിരിക്കുന്ന പ്രധാന തസ്തികകളാണ്.

സ്ഥലംമാറ്റം വേഗത്തിൽ

ജില്ലാതലത്തിൽ നിയമനം നടക്കുന്ന ഒരു പ്രധാന തസ്തികയാണ് എൽ.ഡി. ക്ലാർക്കിന്റേത്. എൽ.ഡി. ക്ലാർക്ക് പരീക്ഷയ്ക്ക് ഒരാൾക്ക് ഏത് ജില്ല വേണമെങ്കിലും തിരഞ്ഞെടുക്കാം. പരീക്ഷയിലെ മത്സരനിലവാരത്തിന്റെ കാഠിന്യം കുറയ്ക്കാനായി മറ്റ് ജില്ലകളിൽ അപേക്ഷിച്ച് പരീക്ഷയെഴുതി ജോലി വാങ്ങുന്ന നിരവധി ഉദ്യോഗാർഥികളുണ്ട്. ഇവർക്ക് ജോലി ലഭിച്ചതിനുശേഷം സ്വന്തം ജില്ലകളിലേക്കുള്ള മടങ്ങിവരവും ക്ലാർക്ക് തസ്തികയിൽ താരതമ്യേന എളുപ്പമാണ്. അന്തർജില്ലാ സ്ഥലം മാറ്റമാണ് ഇതിന് ആശ്രയിക്കാവുന്ന മാർഗം.

Hari Vishnu K C
Hari Vishnu K C
An ACCA intermediate and Post Graduate in Commerce from Central University of Punjab. Currently working as Teaching Assistant at the Research Department of Commerce and Management,Farook College (Autonomous) Former Guest Lecturer at SN college Vadakara.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular