പ്ലസ് വൺ പ്രവേശനത്തിന്റെ ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നു. വിദ്യാർത്ഥികൾക്ക് പ്രവേശനം നേടിയ സ്കൂളിൽ തന്നെ മറ്റൊരു കോമ്പിനേഷനിലേക്കോ മറ്റൊരു സ്കൂളിലെ അതേ കോമ്പിനേഷനിലേക്കോ മറ്റൊരു സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ അപേക്ഷ നൽകാം. ഒന്നിലധികം സ്കൂളുകളിലേയ്ക്കും
കോമ്പിനേഷനുകളിലേയ്ക്കും മാറ്റത്തിനായി ഓപ്ഷനുകൾ നൽകാവുന്നതാണ്. മുൻഗണന ക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. മാറ്റം ലഭിച്ചാൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ള സ്കൂളുകളും കോമ്പിനേഷനുകളും മാത്രം വിദ്യാർത്ഥികൾ ഓപ്ഷനായി നൽകുക.
സ്കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേയ്ക്ക് മാറണം. ജൂലൈ 29ന് ഉച്ചയ്ക്ക് ഒരുമണിക്ക് പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾ കൂടാതെ സ്കൂൾ കോമ്പിനേഷൻ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ഒഴിവുകളിലേയ്ക്കും വിദ്യാർത്ഥികൾ അപേക്ഷ നൽകിയിട്ടുള്ള പക്ഷം മാറ്റം അനുവദിക്കും.
അതായത് വിദ്യാർത്ഥി മാറ്റം ആഗ്രഹിക്കുന്ന ഏതൊരു സ്കൂളിലേയ്ക്കും നിലവിൽ ഒഴിവുകളില്ലെങ്കിലും അപേക്ഷ നൽകാവുന്നതാണ്. പ്രസ്തുത സ്കൂളിൽ നിന്നും ഏതെങ്കിലും വിദ്യാർത്ഥി സ്കൂൾ മാറ്റത്തിലൂടെ പോകുന്ന ഒഴിവു വന്നാൽ ആ ഒഴിവിലേയ്ക്ക് മുകളിൽ സൂചിപ്പിച്ച അപേക്ഷ പരിഗണിക്കും.
അപേക്ഷിക്കേണ്ട വിധം
കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഓപ്ഷനുകൾ ചേർക്കാനുള്ള ബോക്സിൽ വിദ്യാർത്ഥി മാറ്റത്തിനായി ഉദ്ദേശിക്കുന്ന സ്കൂളുകളും കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക. സ്കൂൾ ട്രാൻസ്ഫറും കോമ്പിനേഷൻ ട്രാൻസ്ഫറും ഒരുമിച്ചായിരിക്കും പ്രോസസ് ചെയ്യുന്നത്. സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള ഓപ്പൺ വേക്കൻസി വിവരങ്ങൾ 2023 ജൂലൈ 29 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള
അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 2023 ജൂലൈ 29ന് ഉച്ചയ്ക്ക് 2 മണി മുതൽ 2023 ജൂലൈ
31ന് വൈകിട്ട് 4 മണിവരെ അപേക്ഷകർക്ക് തന്നെ ഓൺലൈനായി സമർപ്പിക്കാം.