*സ്കൂൾ തുറക്കൽ; ആശങ്ക വേണ്ടെന്ന് മന്ത്രി; അക്കാദമിക് മാർഗരേഖ പുറത്തിറക്കി*27-10-2021സ്കൂളുകളിലെ അക്കാദമിക് മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യഘട്ടത്തിൽ സ്കൂളിൽ എത്താൻ കഴിയാത്തവർക്ക് വിഡിയോ ക്ലാസും ഓൺലൈൻ പഠനവും ഉപയോഗപ്പെടുത്താം. ടൈംടേബിൾ തയ്യാറാക്കുമ്പോൾ ഓരോ സ്കൂളും സാഹചര്യം പരിഗണിക്കണം. സുരക്ഷിതമായി എത്ര കുട്ടികളെ എത്തിക്കാൻ ആകുമെന്ന് കണക്കാക്കണം. നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.*മാർഗരേഖയിലെ നിർദ്ദേശങ്ങൾ;*മുഴുവൻ കുട്ടികളേയും സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരിക;കുട്ടികളുമായി സ്നേഹോഷ്മള ബന്ധം സ്ഥാപിക്കുക. കുട്ടികൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുക. അവരുടെ പഠന ഉല്പന്നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുക. ലഘുവ്യായാമങ്ങൾക്ക് അവസരം നൽകുക. ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകുക. ലഘുപരീക്ഷണങ്ങൾ ചെയ്യാൻ അവസരമൊരുക്കുക. അനുഗുണമായ സാമൂഹികശേഷികൾ പ്രോത്സാഹിപ്പിക്കുക. ആവശ്യമെങ്കിൽ സ്കൂൾ കൗൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്തുക*2. പുതിയ കാലത്തിനായി അദ്ധ്യാപകർ സജ്ജരാകുക;*നേരനുഭവത്തേയും ഓൺലൈൻ /ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കുക. വിഡിയോ ക്ലാസ്സിലൂടെ ലഭിച്ച അറിവുകൾ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ്സ് മുറിയെ ഉപയോഗപ്പെടുത്തുക. പ്രായോഗിക പാഠങ്ങളും (Practical Lessons) ലൈബ്രറി പ്രവർത്തനങ്ങളും സംഘപ്രവർത്തനങ്ങളും സ്കൂളിൽ ചെയ്യാം. അസൈൻമെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓൺലൈൻ ക്ലാസ്സുകൾ ഉപയോഗപ്പെടുത്താം. സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പഠിക്കാൻ വീഡിയോ ക്ലാസ്സുകളും ഓൺലൈൻ പഠനവും തുടർന്നും ഉപയോഗപ്പെടുത്താം.*3. പാഠാസൂത്രണം സമഗ്രമാക്കുക;*ലഭ്യമാകുന്ന പഠന ദിനങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോം, വീഡിയോ ക്ലാസ്സുകൾ എന്നിവ ഇതിനായി പരിഗണിക്കണം. എസ് സി ഇ ആർ ടി തയ്യാറാക്കുന്ന മാർഗരേഖക്കനുസരിച്ച് ജില്ലാതലത്തിൽ ഡയറ്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കുക. ഓൺലൈൻ പരി ശീലനത്തിലൂടെ ഇത് അദ്ധ്യാപകരെ പരിചയപ്പെടുത്തുക. ഇതുകൂടി പരിഗണിച്ച് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ഇതിനെ സ്കൂൾ പദ്ധതിയായി വികസിപ്പിക്കുക. നവംബറിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിവേണം ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂർത്തിയാക്കാൻ*4. ടൈംടേബിൾ തയ്യാറാക്കുമ്പോൾ;*ഓരോ സ്കൂളും അവരവരുടെ സാഹചര്യം പരിഗണിക്കുക. സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്ന് വിലയിരുത്തുക. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക.*5. കുട്ടിയെ മനസ്സിലാക്കി പഠനപിന്തുണ ഉറപ്പാക്കുക;*കുട്ടികളുമായി അദ്ധ്യാപകർ നല്ല ബന്ധം സ്ഥാപിക്കുക. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക. ഇതവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. പഠനപങ്കാളിത്വം വർധിപ്പിക്കും. സഹിതം പോർട്ടൽ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തുക. അവർക്ക് നന്നായി ഫീഡ് ബാക് നൽകുക. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്തി പാഠങ്ങൾ (Assessment Text) തിരഞ്ഞെടുക്കാൻ അവസരം നൽകണം.*6. രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തുക*നമ്മുടെ രക്ഷിതാക്കൾ ഭൂരിപക്ഷവും അടിസ്ഥാന വിദ്യാഭ്യാസം നേടിയവരാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനും, ലഘു പഠനപ്രോജക്റ്റുകൾക്ക് സഹായം നല്കാനും കഴിയുന്ന നിരവധി രക്ഷിതാക്കൾ ഉണ്ട്. ഇവരെ ഫലപ്രദമായി സഹകരിപ്പിക്കണം. കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ദേശീയ ആരോഗ്യ മിഷൻ തയ്യാറാക്കിയിട്ടുള്ള വീഡിയോകൾ അടക്കം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കണം. ഇതിനായി പ്രത്യേകരക്ഷകർതൃവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം*7. സ്കൂൾ തുറക്കൽ ദിന പരിപാടികൾ ഭംഗിയായി ആസൂത്രണം ചെയ്യുക;*സ്കൂൾ മനോഹരമായി അലങ്കരിക്കുക. കുട്ടികളുടെ പഠന ഉല്പന്നങ്ങളും ഇതിനുപയോഗപ്പെടുത്തുക. കുട്ടികളെ ആഘോഷപൂർവ്വം പ്രവേശനകവാടത്തിൽ നിന്നു തന്നെ സ്വീകരികുക. കഥകളും കവിതകളും പാട്ടുകളും കേൾക്കാനും പാടാനും അവസരമൊരുക്കുക. കുട്ടികളെ പഠനത്തിൽ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഏജൻസികൾ അവരവരുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുക.