കോസ്റ്റ് ഗാര്‍ഡില്‍ 358 നാവിക്/യാന്ത്രിക് ഒഴിവുകള്‍; ജനുവരി 19 വരെ അപേക്ഷിക്കാം
എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 358 ഒഴിവുകളാണുള്ളത് (ഒഴിവുകളുടെ വിശദവിവരങ്ങള്‍ക്ക് പട്ടിക കാണുക). പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിപ്ലോമ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എഴുത്തുപരീക്ഷ 2021 മാര്‍ച്ചില്‍ നടക്കും.
ഐ.എന്‍.എസ്. ചില്‍ക്കയിലാണ് പരിശീലനമുണ്ടാകുക. നാവിക് (ഡൊമസ്റ്റിക്) ബ്രാഞ്ചിന് 2021 ഒക്ടോബറിലും മറ്റ് ബ്രാഞ്ചുകളിലുള്ളവര്‍ക്ക് 2021 ഓഗസ്റ്റിലും പരിശീലനം തുടങ്ങും. നാവിക് തസ്തികയിലുള്ളവര്‍ക്ക് 21,700 രൂപയും യാന്ത്രിക് തസ്തികയിലുള്ളവര്‍ക്ക് 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങള്‍ വേറെയും ലഭിക്കും.
യോഗ്യതയും പ്രായപരിധിയും
നാവിക് (ജനറല്‍ ഡ്യൂട്ടി): പ്ലസ്ടുവാണ് യോഗ്യത. കൗണ്‍സില്‍ ഓഫ് ബോര്‍ഡ്സ് ഫോര്‍ സ്‌കൂള്‍ എജുക്കേഷന്‍ (സി.ഒ.ബി.എസ്.ഇ.) അംഗീകരിച്ച എജുക്കേഷന്‍ ബോര്‍ഡിന് കീഴിലുള്ള കോഴ്സായിരിക്കണം. പ്ലസ്ടുവില്‍ മാത്സ്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. അപേക്ഷകര്‍ 1999 ഓഗസ്റ്റ് 1-നും 2003 ജൂലായ് 31-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): എസ്.എസ്.എല്‍.സി.യാണ് യോഗ്യത. കൗണ്‍സില്‍ ഓഫ് ബോര്‍ഡ്സ് ഫോര്‍ സ്‌കൂള്‍ എജുക്കേഷന്‍ (സി.ഒ.ബി.എസ്.ഇ.) അംഗീകരിച്ച എജുക്കേഷന്‍ ബോര്‍ഡിന് കീഴിലുള്ള കോഴ്സായിരിക്കണം. അപേക്ഷകര്‍ 1999 ഒക്ടോബര്‍ 1-നും 2003 സെപ്റ്റംബര്‍ 30-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
യാന്ത്രിക്: പത്താംക്ലാസും ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എന്‍ജിനീയറിങ് എന്നിവയിലേതിലെങ്കിലുമുള്ള ഡിപ്ലോമയുമാണ് യോഗ്യത. പത്താംക്ലാസ് കൗണ്‍സില്‍ ഓഫ് ബോര്‍ഡ്സ് ഫോര്‍ സ്‌കൂള്‍ എജുക്കേഷന്‍ (സി.ഒ.ബി.എസ്.ഇ.) അംഗീകരിച്ച എജുക്കേഷന്‍ ബോര്‍ഡിന് കീഴിലുള്ളതും ഡിപ്ലോമ എ.ഐ.സി.ടി.ഇ. അംഗീകരിച്ച കോഴ്സുമായിരിക്കണം.
അപേക്ഷകര്‍ 1999 ഓഗസ്റ്റ് 1-നും 2003 ജൂലായ് 31-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
എല്ലാ തസ്തികയിലും സംവരണവിഭാഗത്തിലെ സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവയസ്സിന്റെയും ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവയസ്സിന്റെയും വയസ്സിളവുണ്ട്. ആരോഗ്യക്ഷമതയും നിശ്ചിത ഉയരവും ഭാരവും ആവശ്യമാണ്.
പരീക്ഷ
നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തില്‍ എഴുത്തുപരീക്ഷയാണ്. ഒബ്‌ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കില്ല. ഒന്നാംഘട്ടത്തില്‍ വിജയിക്കുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിലുള്‍പ്പെട്ടവര്‍ക്ക് രണ്ടാംഘട്ടത്തില്‍ പങ്കെടുക്കാം. ഇതില്‍ പങ്കെടുക്കും മുന്‍പ് ആവശ്യപ്പെടുന്ന രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതായിവരും. ഒന്നോ രണ്ടോ ദിവസം നീളുന്നതാകും രണ്ടാംഘട്ടം. ഇതില്‍ ഫിസിക്കല്‍ ഫിറ്റ്നെസ് ടെസ്റ്റ്, ആരോഗ്യപരിശോധന, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉള്‍പ്പെടും.
ഏഴുമിനിറ്റിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, 20 സ്‌ക്വാറ്റ് അപ്സ്, 10 പുഷ്അപ് എന്നിവ മൂന്നും ഫിസിക്കല്‍ ടെസ്റ്റിന്റെ ഭാഗമായി ചെയ്യണം. യോഗ്യതാപരീക്ഷയിലും ആദ്യഘട്ടത്തിലെ പരീക്ഷയിലും ലഭിക്കുന്ന മാര്‍ക്കുകളുടെ ശതമാനത്തില്‍ വലിയ വ്യത്യാസം കണ്ടാല്‍ അത്തരക്കാര്‍ക്ക് വീണ്ടും പ്രത്യേക ഓണ്‍ലൈന്‍ പരീക്ഷയുമുണ്ടാകും. ഇതിലേതിലെങ്കിലും പരാജയപ്പെട്ടാല്‍ അവര്‍ക്ക് അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കാനാവില്ല.
ഒന്ന്, രണ്ട് ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് മൂന്നാംഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. മൂന്നാംഘട്ടത്തില്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ആരോഗ്യക്ഷമതാപരിശോധനയുമുണ്ടാകും. നാലാംഘട്ടത്തില്‍ സമര്‍പ്പിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ ശരിയാണെന്ന് ഉറപ്പുവരുത്തും.
അപേക്ഷകര്‍ക്ക് കുറഞ്ഞത് 157 സെന്റിമീറ്റര്‍ ഉയരം വേണം. ലക്ഷദ്വീപ് പോലുള്ള ചില സ്ഥലങ്ങളിലുള്ളവര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്. ഉയരത്തിനും വയസ്സിനുമനുസരിച്ചുള്ള ഭാരം വേണം. നെഞ്ചിന്റെ വികാസം അഞ്ച് സെന്റിമീറ്റര്‍ ഉണ്ടാകണം.
അപേക്ഷ
വിശദവിവരങ്ങള്‍ joinindiancoastguard.cdac.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. ഈ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിച്ചാല്‍ അപേക്ഷകര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കില്ല.
അപേക്ഷിക്കുമ്പോള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, വിരലടയാളം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി. മാര്‍ക്ക് ലിസ്റ്റ്, സംവരണത്തിന് അര്‍ഹരായവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സത്യവാങ്മൂലം, 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് രക്ഷിതാവിന്റെ വിരലടയാളം തുടങ്ങിയവ അപ്ലോഡ്‌ചെയ്യണം. ഇംഗ്ലീഷ് കാപിറ്റല്‍ ലെറ്ററില്‍ പേരും ഫോട്ടോ എടുത്ത തീയതിയും കറുത്ത സ്ലേറ്റില്‍ വെളുത്ത ചോക്ക്‌കൊണ്ട് എഴുതി വ്യക്തമായി കാണുന്ന രീതിയില്‍ ഉള്‍പ്പെടുന്നതാകണം ഫോട്ടോ. മറ്റ് രേഖകള്‍ ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അപ്ലോഡ് ചെയ്യേണ്ടതായി വരും.
അപേക്ഷാഫീസ്: 250 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.
പരീക്ഷയ്ക്ക് മുന്‍ഗണനാക്രമത്തില്‍ അഞ്ച് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് നിലവിലെ വിലാസത്തിന് 30 കിലോമീറ്ററിനുള്ളിലുള്ളതോ അല്ലെങ്കില്‍ സമീപത്തുള്ളതോ ആയ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാവുന്നതാണ്. 30 കിലോമീറ്ററിന് പുറത്താണ് കേന്ദ്രമെങ്കില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് യാത്രാച്ചെലവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 19.
hc72qc
ofpjfg