തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഹയർ സെക്കൻഡറി പരീക്ഷാഫലം 25-ന് മുൻപ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 4,19,554 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.

പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തർദേശീയ തല മത്സരങ്ങളിലെ മികവ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപ്സ്, ജൂനിയർ റെഡ്ക്രോസ്, നാഷണൽ സർവീസ് സ്കീം എന്നിവയാണ് ഗ്രേസ് മാർക്കിനായി പരിഗണിക്കുക.