▪️മരുന്നുമായി ബന്ധപ്പെട്ട മേഖലകളിൽ താത്പര്യമുള്ള പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്സ് എടുത്തു പാസായവർക്ക് രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സായ ഡി.ഫാം, നാല് വർഷ ഡിഗ്രി കോഴ്സായ ബി.ഫാം എന്നിവയ്ക്ക് പോകാം. ഡി.ഫാം പാസായവർക്ക് ബി.ഫാം കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടി മൂന്ന് വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കാം.

▪️ഡിഗ്രിക്ക് ശേഷം പി.ജി. കോഴ്സ് ആയ രണ്ടു വർഷത്തെ എം.ഫാമിന് ചേരാം. അതിനു ശേഷം താൽപര്യമുള്ളവർക്ക് റിസർച്ചിനും അധ്യാപന മേഖലയിലേക്കും തിരിയാം. ക്ലിനിക്കൽ ഫാർമസിസ്റ്റ് ആകാൻ ആഗ്രഹിക്കുന്നവർക്ക് ചേരാനാണ് ആറു വർഷത്തെ ഫാംഡി കോഴ്സിന് അപേക്ഷിക്കാം. പ്ലസ്ടുക്കാർക്ക് ഈ കോഴ്സിന് നേരിട്ട് ചേരാവുന്നതാണ്. ബി.ഫാം കഴിഞ്ഞവരാണെങ്കിൽ ഫാംഡി കോഴ്സിന് മൂന്നാം വർഷം ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാം.

▪️ഫാംഡി കഴിഞ്ഞാൽ ക്ലിനിക്കൽ ഫാർമസിസ്റ്റാവാം. പേരിന് മുമ്പിൽ ഡോക്ടർ എന്ന ടൈറ്റിൽ എഴുതാനും സാധിക്കും. ക്ലിനിക്കൽ ഫാർമസിസ്റ്റ് സാധാരണ ഫാർമസിസ്റ്റുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നോക്കാം.

▪️ചികിൽസിക്കുന്ന ഡോക്ടർ രോഗനിർണയം നടത്തിക്കഴിഞ്ഞാൽ രോഗികൾക്ക് നിർദ്ദേശിക്കപ്പെട്ട മരുന്ന് കൊടുക്കുന്നത്, അതിന്റെ ശരിയായ ഡോസേജ്, നൽകുന്ന മരുന്നുകളുടെ ഗുണനിലവാരം, മരുന്ന് നൽകുന്നത് തികച്ചും നിയമ വിധേയമാണ് എന്നീ കാര്യങ്ങൾ ഉറപ്പു വരുത്തുക, മരുന്നുകളുടെ പാർശ്വഫലങ്ങൾ, മരുന്നുകൾ സൂക്ഷിക്കേണ്ട വിധം എന്നിവ വിവരിക്കുക, തുടങ്ങിയവയെല്ലാമാണ് സാധാരണ ഫാർമസിസ്റ്റിന്റെ ജോലി. ഇത് കൂടാതെ ഔഷധ കമ്പനികളിൽ ഉത്പാദനം, ഗുണമേന്മ നിയന്ത്രണം, വിപണനം, ഗവേഷണം, ഫാർമസികളിൽ മരുന്നുകൾ ശരിയായ ഊഷ്മാവിലും രീതിയിലും സൂക്ഷിക്കുക, അവ വിതരണം ചെയ്യുക എന്നിവയും സാധാരണ ഫാർമസിസ്റ്റിന്റെ തൊഴിൽ മേഖലകളാണ്. സർക്കാർ സർവീസിൽ ഫാർമസിസ്റ്റിന് പുറമേ ഡ്രഗ് ഇൻസ്പെക്ടർ, ഡ്രഗ് കൺട്രോളർ എന്നീ തസ്തികകളുമുണ്ട്.

▪️പല വികസിത രാജ്യങ്ങളിലും ഡോക്ടർ രോഗനിർണയം നടത്തിയ ശേഷം രോഗികൾ കഴിക്കേണ്ട മരുന്നുകളുടെ ബ്രാൻഡും അളവും നിശ്ചയിക്കുന്നതും, അവയുടെ പാർശ്വഫലങ്ങൾ തിട്ടപ്പെടുത്തുന്നതും ക്ലിനിക്കൽ ഫാർമസിസ്റ്റ് എന്ന പ്രൊഫഷനലുകളാണ്. ഇന്ത്യയിൽ ഫാംഡി ആണ് അതിനുള്ള കുറഞ്ഞ യോഗ്യത. അവർ ഡോക്ടറുടെ കൂടെ തന്നെ ഒരു ടീമായി ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുകയും അവരുടെ മരുന്ന് സംബന്ധമായ എല്ലാ കാര്യങ്ങളിലും നിരന്തരം ഇടപെടുകയും ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും വേണ്ട മരുന്നു/ഡോസു മാറ്റങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ ക്ലിനിക്കൽ ഫാർമസി സേവനങ്ങൾ അത്ര വളർച്ച പ്രാപിച്ചിട്ടില്ല. ഇവിടെ വളരെ കുറച്ചു ആശുപത്രികൾ മാത്രമാണ് ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇതുവരെ പഠിച്ചിറങ്ങിയ ഫാംഡിക്കാർക്ക് തങ്ങളുടെ ചെലവേറിയ നീണ്ട കാല പഠനത്തിനൊടുവിൽ അർഹിക്കുന്ന തരം തൊഴിലിടങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്ന കാര്യം ഒരു യാഥാർത്ഥ്യമായി നമ്മുടെ മുമ്പിലുണ്ട്. ഔഷധ നിർമ്മാണ വ്യവസായ വ്യാപാര മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ എം.ബിഎ Pharmaceutical management കൂടി ചെയ്യുന്നത് മെച്ചപ്പെട്ട പോസ്റ്റിങിന് സഹായകമായേക്കും.