വ്യത്യസ്ത നഴ്സിങ്ങ് കോഴ്സുകളും അവയിലേക്കുള്ള പ്രവേശന യോഗ്യതകളും
🔻ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആന്റ് മിഡ് വൈഫറി (Diploma in General Nursing and midwifery – GNM) :
ഇത് ഒരു ഡിപ്ലോമാ കോഴ്സാണ്.
മൂന്നു വർഷമാണ് കോഴ്സിന്റെ കാലാവധി.
പ്ലസ്ടുവിന് മിനിമം 40% മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിലുള്ളവർക്ക് മുൻഗണനയുണ്ടെങ്കിലും ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡപ്രകാരം സയൻസ് ഗ്രൂപ്പ് നിർബന്ധമില്ല.
(വിദേശ രാജ്യങ്ങളിലുള്ള തൊഴിൽ സാധ്യത പണ്ടത്തെപ്പോലെ ഡിപ്ലോമക്കാർക്ക് ഇല്ല. മിക്ക രാജ്യങ്ങളും സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് ബിഎസ്‌സി നഴ്സിങ് യോഗ്യതയാണ് നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രണ്ടു വർഷം കൂടി പഠിച്ച് പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് ഡിഗ്രി എടുക്കുന്നതാണ് ഇവർക്ക് കൂടുതൽ നല്ലത്.
വിവിധ സർക്കാരാശുപത്രികളിൽ സ്റ്റാഫ് നഴ്സ് ആവാൻ ജിഎൻഎം യോഗ്യത മതി.)
🔻പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്(PB Bsc Nursing):
മൂന്നു വർഷത്തെയോ മൂന്നര വർഷത്തേയോ (മുമ്പ് (GNM) കോഴ്സ് മൂന്നര വർഷമായിരുന്നു) ജനറൽ നഴ്സിങ് ഡിപ്ലോമയാണ് പ്രവേശന മാനദണ്ഡം.
രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി.
ഇപ്രകാരം ലഭിക്കുന്ന പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് ഡിഗ്രി, 4 വർഷ ബിഎസ്‌സി നഴ്സിങ്ങിനു തുല്യമാണ്.
🔻ബിഎസ്‌സി നഴ്സിങ് :
നാലു വർഷമാണ് കോഴ്സിന്റെ കാലാവധി.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിൽ 50% ത്തിൽ കുറയാത്ത മാർക്കോടെ പ്ലസ്ടുവാണ് പ്രവേശന മാനദണ്ഡം.
നിലവിൽ വാർഷിക പ്രോഗ്രാമായി നടത്തുന്ന ഈ കോഴ്സ് സെമസ്റ്റർ രീതിയിലേക്ക് സമീപഭാവിയിൽ മാറും.
🔻എംഎസ്‌സി നഴ്സിങ് :
രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി ബിഎസ്‌സി നഴ്സിങ് ബിരുദയോഗ്യതയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.
താഴെ പറയുന്ന സ്പെഷ്യാലിറ്റികളിലായാണ് ഈ കോഴ്സ് നടത്തപ്പെടുന്നത്.
∙▪️മെഡിക്കൽ – സർജിക്കൽ നഴ്സിങ്
∙▪️പീഡിയാട്രിക് നഴ്സിങ് അഥവാ ചൈൽഡ് ഹെൽത്ത് നഴ്സിങ്
∙▪️മെന്റൽ ഹെൽത്ത് നഴ്സിങ് അഥവാ സൈക്യാട്രിക് നഴ്സിങ്
▪️ഒബ്സ്റ്റട്രിക് ആന്റ് ഗൈനക്കോളജിക്കൽ നഴ്സിങ്
▪️കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്
ഇതിൽ മെഡിക്കൽ സർജിക്കൽ നഴ്സിങ് കോഴ്സിൽ കാർഡിയോ വാസ്ക്കുലാർ & തൊറാസിക് നഴ്സിങ്, ന്യൂറോ സയൻസസ് നഴ്സിങ്, ഓങ്കോളജി നഴ്സിങ്, നെഫ്രോ യൂറോളജി നഴ്സിങ് എന്നീ സബ് സ്പെഷ്യാലിറ്റികളും ലഭ്യമാണ്.
(എംഎസ്‌സി നഴ്സിങ്ങിനുശേഷം എംബിഎ ഇൻ ഹെൽത്ത് കെയർ, മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MBA in Health Care Master of Hospital Administration (MHA) എന്നീ കോഴ്സുകൾ ചെയ്യുന്നവർക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്തും അവസരങ്ങൾ ഇന്നുണ്ട്. രാജ്യത്തെ പല വമ്പൻ കോർപ്പറേറ്റ് ആശുപത്രികളുടെയും മാനേജ്മെന്റ് തലത്തിൽ ഇന്ന് Msc യും PhD യുമൊക്കെ കഴിഞ്ഞ നഴ്സുമാർ ഉണ്ട്.)
🔻പിഎച്ച് ഡി ഇൻ നഴ്സിങ് :
നഴ്സിങ്ങിലുള്ള ഡോക്ടറൽ ഡിഗ്രിയുടെ കാലാവധി സാധാരണ ഗതിയിൽ മൂന്നു മുതൽ 5 വർഷം വരെയാണ്.
എംഎസ്‌സി നഴ്സിങ് ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.
രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികൾ ഈ കോഴ്സ് നടത്തുന്നുണ്ടെങ്കിലും ഇന്ത്യൻ നഴ്സിങ് കൗൺസലിന്റെ അംഗീകാരമുള്ളതാണോ എന്ന കാര്യം പരിശോധിച്ചിട്ടു വേണം ചേരാൻ.
ഇന്ത്യൻ നഴ്സിങ് കൗൺസിൽ നേരിട്ടു നടത്തുന്ന (National Consortium for PhD in Nursing) പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനം എൻട്രൻസ് പരീക്ഷ വഴിയാണ്.
PS: ANM എന്ന നഴ്‌സിങ്ങ് കോഴ്‌സിനെ ഇതിൽ പരാമർശിച്ചിട്ടില്ല.
മുജീബുല്ല KM
സിജി കരിയർ ടീം
www.cigi.org
0097150 9220561