സെപ്റ്റംബറിൽ പരീക്ഷ പ്രഖ്യാപിച്ച സാഹചര്യത്തിൽ , +1 വിദ്യാർത്ഥികൾ ഒന്നാം വർഷ പാഠ ഭാഗങ്ങളും രണ്ടാം വർഷ പാഠ ഭാഗങ്ങളും ഒന്നിച്ചു പഠിക്കേണ്ടി വരുമോ എന്ന ആശങ്കയ്ക്ക് പരിഹാരമായി. കെ. അന്‍വർ സാദത്ത് സി.ഇ.ഒ, കൈറ്റ് അറിയിക്കുന്നത് താഴെ കൊടുക്കുന്നു.”പ്ലസ് വണ്‍ പരീക്ഷ പൂ‍ർത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചതിനെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ട് കുട്ടികളുടെ പ്രതികരണം ലഭിക്കുകയുണ്ടായി. എന്നാല്‍ ജൂണ്‍ 7 മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്ലസ് വണ്‍ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് പ്ലസ് ടു ക്ലാസുകള്‍ നിർത്തും. തുടര്‍ന്ന് കഴിഞ്ഞ വർഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികള്‍ക്ക് നല്‍കിയപോലെ പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടികളുമായിരിക്കും ഈ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുക.
        പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷന്‍ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും കൈറ്റ് വിക്ടേഴ്സില്‍ തുടർന്ന് പ്ലസ് ടു ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ജൂണ്‍ മാസം തന്നെ പ്ലസ് ടു ക്ലാസുകളുടെ സംപ്രേഷണം ആരംഭിച്ചത് കൂടുതല്‍ പഠന ദിനങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കാനാണ്. അതോടൊപ്പം ഈ ആഴ്ചയിലെ ട്രയലും ജൂണ്‍ 14 മുതല്‍ 18 വരെയുള്ള പുനഃസംപ്രേഷണവും കഴിഞ്ഞ ശേഷം കുട്ടികള്‍ക്ക് ക്ലാസുകള്‍ കാണാന്‍ അവസരം ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ തുടർ ക്ലാസുകള്‍ സംപ്രേഷണം ചെയ്യൂ. ഇക്കാര്യങ്ങളില്‍ കുട്ടികള്‍ യാതൊരുവിധേനയും ആശങ്കപ്പെടേണ്ട അവസ്ഥയില്ല.”
കെ. അന്‍വർ സാദത്ത്സി.ഇ.ഒ, കൈറ്റ്