പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ 14ന് പ്രസിദ്ധീകരിക്കും. 14ന് രാവിലെ ഒന്‍പതു മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധമായിരിക്കും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം സെപ്റ്റംബര്‍ 14 മുതല്‍ 19 വരെ കൊവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate LoginSWS ലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്ട തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും.

ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറല്‍ റവന്യൂവില്‍ അടയ്‌ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാന്‍ഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അടയ്ക്കാം. ഇത്തരത്തില്‍ ഓണ്‍ലൈനായി ഫീസടക്കാന്‍ കഴിയാത്തവര്‍ക്ക് സ്‌കൂളില്‍ ഫിസടയ്ക്കാം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിര്‍ദ്ദിഷ്ട സമയത്ത് സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യ ഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്റ് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം.

സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസള്‍ട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റിലെ Candidate LoginSports ലെ Sports Results എന്ന ലിങ്കില്‍ ലഭിക്കും. അഡ്മിഷന്‍ സെപ്റ്റംബര്‍ 14 മുതല്‍ 19 വരെ ആയിരിക്കും. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതുവരേയും കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാത്തവര്‍ സെപ്റ്റംബര്‍ 12ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് നിര്‍ബന്ധമായും സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.