സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ;ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്. മറ്റൊരു പ്രധാന ശുപാർശ അധ്യാപക പഠനത്തെ കുറിച്ചാണ്. അധ്യാപക പഠനത്തിന് അഞ്ച് വർഷത്തെ കോഴ്‌സിനാണ് കമ്മിറ്റിയുടെ ശുപാർശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വർഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.

കുറിപ്പ് – 2022 സെപ്തംബർ 22

മികവിനായുള്ള സ്‌കൂൾവിദ്യാഭ്യാസം: ഡോ. എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട് രണ്ടാം ഭാഗം മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിൽ ഊന്നിക്കൊണ്ട് എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ളതും നീതി ഉറപ്പാക്കുന്നതും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉളവാകുന്നതുമായ ജനകീയ വിദ്യാഭ്യാസക്രമം നടപ്പാക്കണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ഉദ്ദേശം സാർഥകമാകുന്നതിന് സഹായകമാം വിധം പ്രീസ്‌കൂൾതലം മുതൽ ഹയർസെക്കന്ററിതലം വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നാനാവശങ്ങൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി 19/10/2017 ന് സർക്കാർ ഉത്തരവിലൂടെ പൊതുവിദ്യാഭ്യാസവകുപ്പ് മൂന്നംഗങ്ങളുള്ള വിദഗ്ധസമിതി രൂപീകരിക്കുകയുണ്ടായി. 03/03/2018ന് വിദഗ്ധസമിതി ചെയർമാനായി ഡോ. എം.എ. ഖാദറിനെ നിയോഗിച്ചു. 03/10/2018ന് സർക്കാർ ഉത്തരവിലൂടെ വിദഗ്ധസമിതിയുടെ പരിഗണനാ വിഷയങ്ങൾ സ്പഷ്ടീകരിച്ചു. 

സ്‌കൂൾ പ്രായത്തിലുള്ള ഏതാണ്ടെല്ലാ കുട്ടികളും സ്‌കൂളിലെത്തുകയും ദേശീയ തലത്തിൽ നിന്നും ഭിന്നമായി എൻറോൾ ചെയ്യുന്ന കുട്ടികളിൽ മഹാഭൂരിപക്ഷവും 12ാം ക്ലാസുവരെ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥ കേരളത്തിലുണ്ട്. ആയതിനാൽ വിദ്യാഭ്യാസ അവകാശനിയമം ഫലപ്രദമായി കേരളത്തിൽ നടപ്പാക്കണമെങ്കിൽ 12 വർഷം വരെയുള്ള സ്‌കൂൾവിദ്യാഭ്യാസത്തെ ഒറ്റഘടകമായി പരിഗണിക്കണമെന്ന നിലപാടാണ് വിദഗ്ധസമിതി ആദ്യം മുതൽ കൈക്കൊണ്ടത്. ആയതിനാൽ 12ാം ക്ലാസു വരെ ഒരു യൂണിറ്റ് ആയി പരിഗണിച്ചുള്ള അന്വേഷണവും പഠനവുമാണ് സമിതിയുടെ ആദ്യയോഗം മുതൽ നടത്തിയത്.

ഈ അന്വേഷണത്തിന്റെ ഭാഗമായി സമിതി പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സൈറ്റിലൂടെ പൊതുസമൂഹത്തിൽ നിന്നും അഭിപ്രായങ്ങൾ തേടുകയുണ്ടായി. കൂടാതെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളും അനധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളുമായും ആശയവിനിമയം നടത്തി. ഇതു വഴി ഒട്ടേറെ ക്രിയാത്മക നിർദേശങ്ങളും അഭിപ്രായക്കുറിപ്പുകളും ലഭിച്ചിരുന്നു. രണ്ടാംഭാഗം റിപ്പോർട്ട് തയ്യാറാക്കുന്ന ഘട്ടത്തിൽ പ്രസ്തുത കുറിപ്പുകൾ സഹായകമായിട്ടുണ്ട്. 

ഒന്നാംഭാഗം റിപ്പോർട്ടിൽ ഘടന സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായും പ്രതിപാദിച്ചിരുന്നത്. എന്നാൽ രണ്ടാംഭാഗം റിപ്പോർട്ടിൽ അക്കാദമിക കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചിട്ടുള്ളത്. 

കമ്പോളയുക്തി എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന സാർവത്രിക വിദ്യാഭ്യാസത്തിനും ഗുണതാ വിദ്യാഭ്യാസത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാ കുട്ടികളെയും ഉൾചേർത്തു കൊണ്ടുള്ള നീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള ശ്രമം കേരളത്തിൽ നടക്കുന്നത്. പ്രസ്തുത ശ്രമം കൂടുതൽ അർഥപൂർണമാക്കുന്നതിന് വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ സഹായകമാകും എന്ന് കരുതുന്നു.

സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ ഒന്നാംതലമുറ പ്രശ്‌നങ്ങളായ സ്‌കൂൾ പ്രാപ്യത, പഠനത്തുടർച്ച  എന്നിവ ഏതാണ്ട് അഭിമുഖീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി നീതിയും തുല്യതയും ഗുണതയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കേണ്ടതുണ്ട്. അത് സംബന്ധിച്ച അന്വേഷണങ്ങളാണ് പ്രധാനമായും വിദഗ്ധസമിതി നടത്തിയത്. ഘടന സംബന്ധിച്ച കാര്യങ്ങൾ സമിതിയുടെ മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം എന്ന ഒന്നാം ഭാഗം റിപ്പോർട്ടിൽ പരിഗണിച്ചിരുന്നു. അക്കാദമിക കാര്യങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് രണ്ടാം ഭാഗം റിപ്പോർട്ടിലുള്ളത്. ഒന്നും രണ്ടും ഭാഗം റിപ്പോർട്ട് ഒരുമിച്ച് ചേർന്നാൽ വിദഗ്ധസമിതിയുടെ പൂർണ റിപ്പോർട്ടായി.

പ്രായത്തിനനുഗുണമായ വിദ്യാഭ്യാസമാണ് ഇപ്പോൾ സ്‌കൂളുകളിൽ നടക്കുന്നത്. അത് തുടരണം. എന്നാൽ കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് നാം മുന്നേറണം. ദേശീയാടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾ സാർവത്രികമായി പരിഗണിക്കുന്നതിന് ഇപ്പോൾ പരിമിതിയുണ്ട്. കാരണം ദേശീയാടിസ്ഥാനത്തിൽ മുൻഗണന സ്‌കൂൾ പ്രാപ്യതയ്ക്കും പഠനത്തുടർച്ചയ്ക്കും തന്നെയാണ്. അങ്ങിനെ കഴിവുകൾക്കനുഗുണമായ വിവാഭ്യാസം നടപ്പാക്കണമെങ്കിൽ വിപുലമായ തയ്യാറെടുപ്പുകൾ അനിവാര്യമാണ്.

അതുപോലെ പ്രധാനമാണ് തൊഴിൽവിദ്യാഭ്യാസം സംബന്ധിച്ച നിലപാടുകളും അവ പ്രായോഗികമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും. കുട്ടികൾ നടത്തുന്ന പഠനത്തോടൊപ്പം അവയുമായി ഉദ്ഗ്രഥിച്ചാകണം തൊഴിൽവിദ്യാഭ്യാസത്തെ പരിഗണിക്കേണ്ടത് എന്ന് സമിതി കരുതുന്നു. എങ്കിലെ ഓരോ പ്രായഘട്ടത്തിനുസരിച്ച് തൊഴിലിനെ സമീപിക്കാനും നൈപുണി വികാസത്തോടൊപ്പം തൊഴിലിനോടുള്ള മനോഭാവ വികാസവും സാധിതമാകുകയുള്ളൂ എന്ന നിഗമനത്തിലേക്കാണ് വിദഗ്ധസമിതി എത്തിച്ചേർത്തിരിക്കുന്നത്. നാം സ്‌കൂൾ വിദ്യാഭ്യാസ കാര്യത്തിൽ പൊതുവേ മെച്ചമാണെന്ന് പറയാമെങ്കിലും ഈ രംഗത്ത് എക്‌സലൻസ് ആകണം ലക്ഷ്യമിടേണ്ടത്. അതിന് സഹായകമാകും വിധം സ്‌കൂളിനെക്കുറിച്ചും വിവിധഘട്ടങ്ങളിലെ പഠന സമീപനങ്ങളെക്കുറിച്ചും ബോധനമാധ്യമത്തെക്കുറിച്ചും വിവിധ വിഷയങ്ങളുടെ സമീപനമെന്തെന്നതിനെക്കുറിച്ചും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും, മൂല്യവിദ്യാഭ്യാസം, മെന്ററിംഗ്, വിലയിരുത്തൽ, ഗ്രേസ് മാർക്ക്, തസ്തികാനിർണ്ണയം, അധ്യാപക നിയമനം, പഠനദിനങ്ങൾ, പഠനസമയം, പാഠപുസ്തകങ്ങൾ, മേളകൾ തുടങ്ങി ഗുണമേന്മാ വിദ്യാഭ്യാസം വികസിക്കുന്ന ഘട്ടത്തിൽ പരിഗണിക്കണം എന്ന് സമിതി കരുതുന്ന വിവിധ മേഖലകളെ ആഴത്തിൽ വിശകലനം ചെയ്ത് നിർദേശങ്ങൾ രൂപീകരിക്കാൻ ഈ റിപ്പോർട്ടിലൂടെ വിദഗ്ധസമിതി ശ്രമിച്ചിട്ടുണ്ട്.

കോവിഡാനന്തര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സൂചനകളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.. ഇതൊക്കെ ചെയ്യുമ്പോഴും ദേശീയ വിദ്യാഭ്യാസനയം 2020 ഒരു യാഥാർഥ്യമാണ്. ഇക്കാര്യവും സമിതി അഭിമുഖീകരിച്ചിട്ടുണ്ട്. നവകേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കപ്പനങ്ങളാണ് റിപ്പോർട്ടിന്റെ അവസാനഭാഗത്തുള്ളത്.

ചെയർമാൻ പ്രൊഫ (ഡോ.) എം.എ. ഖാദറിനെ കൂടാതെ നിയമവകുപ്പിൽ നിന്നും സ്‌പെഷ്യൽ സെക്രട്ടറിയായി വിരമിച്ച ശ്രീ. ജി. ജ്യോതിചൂഢൻ, ഡോ. സി.രാമകൃഷ്ണൻ എന്നിവരങ്ങിയ വിദഗ്ധസമിതി അംഗങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കിയത്.