പ്ലസ് ടു പരീക്ഷ പാസായതിന് ശേഷം വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും എഴുതിയ ദേശീയ പ്രവേശന പരീക്ഷയുടെ ഫലം വന്ന ശേഷമുള്ള ഒരുക്കങ്ങളിൽ ശ്രദ്ധിക്കാനേറെ. സി.യു.ഇ.ടി-യു.ജി 2023മായി ബന്ധപ്പെട്ട തുടർ പ്രവേശന നടപടികൾ അതത് സർവകലാശാലകളും സ്ഥാപനങ്ങളുമാണ് ഇനി നടത്തുക എന്നതാണ് ആദ്യ കാര്യം.

ഉടൻ ബിരുദതല മെറിറ്റ് പട്ടിക എൻ.ടി.എ സ്കോർ അടിസ്ഥാനമാക്കി ബന്ധപ്പെട്ട സർവകലാശാലകളും സ്ഥാപനങ്ങളും തയ്യാറാക്കും. അതോടൊപ്പം കൗൺസിലിങ്ങിന്റെ സമയക്രമവും അതത് സ്ഥാപനങ്ങൾ തന്നെയാണ് നിശ്ചയിക്കുക.

പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള കോളജുകളുടെ വെബ്സൈറ്റുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ കാര്യങ്ങൾ മനസ്സിലാക്കണം. പരീക്ഷ നടത്തി ഫലപ്രഖ്യാപനം കഴിഞ്ഞതോട എൻ.ടി.എയുടെ റോൾ തൽക്കാലം കഴിഞ്ഞു.

നിലവിൽ ലഭിച്ച സ്കോർ ഓരോ പേപ്പറിലെയും പെർസൻറൽ സ്കോർ ആണ്. അത് പരീക്ഷയിൽ ലഭിച്ച യഥാർഥ മാർക്ക് അല്ല. മറിച്ച് ആ പേപ്പർ അഭിമുഖീകരിച്ചവരിൽ നിങ്ങളുടെ ആപേക്ഷിക സ്ഥാനമാണ്. ഇക്വി-പെർസൻറൽ രീതിയിൽ കൂടിയാണ് ഒരു പരീക്ഷാർഥിയുടെ നോർമലൈസ് ചെയ്യപ്പെട്ട മാർക്ക് കണ്ടെത്തിയിരിക്കുന്നത്.

പരീക്ഷയുടെ പരിധിയിൽ വരുന്ന 249 സ്ഥാപനങ്ങളിലെ ബിരുദതല പ്രോഗ്രാം പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയാറാക്കുന്നതിനാണ് പരീക്ഷ നടത്തിയത്. മൊത്തം 14,99,790 പേരാണ് 48,779 യുനീക് സബ്ജക്ട് കോമ്പിനേഷനുകളിൽ 64,85,114 ടെസ്റ്റ് പേപ്പറുകളിലായി പരീക്ഷ അഭിമുഖീകരിച്ചത്. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യപേപ്പറുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ 285ഉം വിദേശത്ത് 23ഉം പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. വിശദാംശങ്ങൾ cuet.samarth.ac.in/ ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.