പത്തും പന്ത്രണ്ടും ക്ലാസ് പഠനം കഴിഞ്ഞ നമ്മുടെ മക്കൾ, സ്വന്തം ഭാവി സുരക്ഷിതമാക്കാൻ ഏത് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കോഴ്സ്നു ചേരണം എന്ന ചിന്തയിലും വേവലാതിയിലും ആയിരിക്കും, അച്ഛനമ്മമാർ സ്വന്തം മക്കളെ ഏത് നല്ല കോഴ്സ്നു ചേർക്കാം എന്ന ചൂട് പിടിച്ച ചർച്ചകളിലും വ്യാപൃതരായിരിക്കും. അവർ ഇതിനോടകം തന്നെ പല കോഴ്സുകളെ പറ്റിയും അന്വേഷണങ്ങളും നടത്തിക്കാണും.

അല്ലെങ്കിൽ അവ നടത്തുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും കാണും.
ഈ അവസരത്തിൽ ആണ് നമ്മൾ ഓരോരുത്തരും നമ്മുടെ വിവേകവും ബുദ്ധിയും ഉപയോഗിച്ച അനധികൃത കോഴ്സുകളെയും അവയുടെ നടത്തിപ്പുകാരെയും തിരിച്ചറിയേണ്ടത്;
പറഞ്ഞു വരുന്നത് അനധികൃത പാരാമെഡിക്കൽ/ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലെ ചതിക്കുഴികളെ പറ്റി ആണ്.

നമ്മളിൽ പലരും പല പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും കണ്ടിട്ടുണ്ടാകും 6 മാസ ഡിപ്ലോമ MLT ,X-ray ECG, Dialysis, Optometry, ഒരു വർഷ പാരാമെഡിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ഒരു വർഷ ഡിപ്ലോമ MLT ,X-ray ECG, Dialysis, Optometry, എന്നൊക്കെ. ഇതിൻ്റെയൊക്കെ സത്യാവസ്ഥ നമ്മളിൽ ഓരോരുത്തരും അറിയണം…..

കാരണം ഇതൊക്കെ ഒരു വല്യ ചതിക്കുഴികൾ ആണ്.

കേരളത്തിൽ എങ്ങനെ ഒരു അംഗീകൃത പാരാമെഡിക്കൽ/ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സ് തിരഞ്ഞെടുക്കാം എന്നതിനെ ചെറുതായൊന്ന് വിശദീകരിക്കാം.

കേരളത്തിൽ പാരാമെഡിക്കൽ/അലൈഡ് ഹെൽത്ത് സയൻസ് ഡിപ്ലോമ കോഴ്സുകൾ നടക്കുന്നത് Directorate of Medical Education (DME) ൻറെ അംഗീകാരമുള്ള ഉള്ള കോളേജുകളിൽ / സ്ഥാപനങ്ങളിൽ ആണ്.

ഡിപ്ലോമ കോഴ്സ്കളുടെ കാലയളവ് 2 വർഷം ആണ്.
കേരളത്തിൽ 2 വർഷ പഠന കാലാവധി ഉള്ള ഡിപ്ലോമ പാരാമെഡിക്കൽ കോഴ്സുകൾ DME യുമായി അഫ്‌ലിയേറ്റ് ചെയ്തിരിക്കണം എന്ന് ആണ് ചട്ടം.
പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും DME തന്നെയാണ്.

ഇനി പാരാമെഡിക്കൽ/ അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകളുടെ കാര്യം…. പാരാമെഡിക്കൽ/ അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകൾ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ന്റെ കീഴിൽ ആണ്.

പാരാമെഡിക്കൽ/ അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകളുടെ പഠന കാലയളവ് 4 വര്ഷം ആണ്.
ഡിഗ്രി കോഴ്സുകൾ നടത്തുന്ന കോളേജുകൾ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസുമായി അഫ്‌ലിയേറ്റ് ചെയ്തവയായിരിക്കണം എന്ന് ആണ് ചട്ടം.

പരീക്ഷ നടത്തുന്നതും, റിസൾട്ട് പുറത്തു വിടുന്നതും, സർട്ടിഫിക്കറ്റ് നൽകുന്നതും കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് തന്നെ ആണ്.

ഇതരത്തിൽ ലഭിക്കുന്ന അംഗീകൃത പാരാമെഡിക്കൽ സർട്ടിഫിക്കറ്റുമായി കേരളത്തിനകത്തും പുറത്തും ഇന്ത്യക്കു പുറത്തു വരെ പാരാമെഡിക്കൽ പ്രൊഫഷണൽ ആയി ഏത് സഥാപനത്തിലും നിങ്ങൾക് ജോലി അന്വേഷിച്ചു കയറി ചെല്ലാം.

കുട്ടികളെ പാരാമെഡിക്കൽ കോഴ്സുകൾ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെകിൽ അതിനായി തിരഞ്ഞെടുക്കുന്ന കോളേജുകൾ മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് മറ്റാരുടെയും ആവശ്യം അല്ല നമ്മളിൽ ഓരോരുത്തരുടെയും ആവശ്യം ആണ്.

ഇനി 6 മാസ- 1 വർഷ പാരാമെഡിക്കൽ/ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളെ കുറിച്ച്… ഇത്തരം കോഴ്സുകൾ പഠിക്കാൻ പോകുന്നത് ശുദ്ധ മണ്ടത്തരം ആണ്.

ധന നഷ്ടം, സമയ നഷ്ടം മാനഹാനി ഇതല്ലാതെ വേറെ ഒന്നും അതിൽ നിന്ന് കിട്ടില്ല.
അത്തരം കോഴ്സുകൾ പഠിച്ചിറങ്ങി സർട്ടിഫിക്കറ്റുമായി ജോലി അന്വേഷിച്ചു ഇറങ്ങുമ്പോൾ ആവും പലരും തങ്ങൾക്ക് പറ്റിയ ചതിയെ പറ്റി തിരിച്ചറിയുക.

വലിയ സ്വപ്നങ്ങളുമായിട്ടാണ് പല വിദ്യാർത്ഥികളും ഇത്തരം അനധികൃത കോഴ്സുകളിൽ ചെന്ന് ചേരുന്നത്.
എന്നാൽ നിങ്ങൾ തിരിച്ചറിയുക, നിങ്ങൾക്ക് ഗൾഫിൽ ജോലി അന്വേഷിച്ചു പോകാനോ PSC ടെസ്റ്റ് എഴുതി government ജോലി നേടാനോ അതും അല്ലെങ്കിൽ ഒരു പ്രൈവറ്റ് സഥാപനത്തിൽ ജോലി നേടാനോ ഇത്തരം കോഴ്സ് കഴിഞ്ഞാൽ അർഹത ഉണ്ടായിരിക്കില്ല, കാരണം നിങ്ങൾ പഠിച്ചത് അനധികൃത പാരാമെഡിക്കൽ കോഴ്സുകൾ ആണ് എന്നതാണ് സത്യം.

അഡ്മിഷൻ ഗൈഡൻസ് എന്ന മുഖം മൂടിയിട്ട് ഇത്തരം കോഴ്സുകളിലേക്ക് ആളെ കൂട്ടുന്ന ഒട്ടനവധി മാഫിയകൾ നമുക്ക് ചുറ്റും പ്രവർത്തിക്കുന്നുണ്ട്, അവരുടെ ചതിയിൽ വീഴുന്നത് കേരളത്തിന് പുറത്തു ഡിഗ്രി, പാരാമെഡിക്കൽ കോഴ്‌സുകൾ പഠിക്കാൻ പോകുന്ന കുട്ടികൾ ആണ്.

അവർ പറയുന്ന അനധികൃത കോളേജുകളിൽ അനധികൃത കോഴ്സുകൾ പഠിച്ചിറങ്ങി ജീവിതം വഴിമുട്ടിയവർ ആയിരങ്ങളുണ്ട് നമ്മുടെ സമൂഹത്തിൽ.

അത്തരം ചതിയിൽ പെടാതെ ഇരിക്കാൻ ആദ്യം ചെയ്യേണ്ടത് അവർ പറയുന്നതായ കോളേജുകളുടെ യൂണിവേഴ്‌സിറ്റി അഫ്‌ലിയേഷനെപ്പറ്റിയും അംഗീകാരങ്ങളെയും പറ്റി അന്വേഷിക്കുക എന്നത് ആണ്. അത്തരം യൂണിവേഴ്സിറ്റികൾ യുജിസിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും കോഴ്സ് സർട്ടിഫിക്കറ്റിനു സ്വന്തം സംസ്ഥാനത്തിലെ ഹെൽത്ത് യൂണിവേഴ്സിറ്റികളിൽ നിന്ന് ഇക്വലെൻസി കിട്ടുമോ എന്നും തീർച്ചയായും ഉറപ്പ് വരുത്തണം.

കേരളത്തിലെ അംഗീകൃത പാരാമെഡിക്കൽ കോഴ്സുകളെപറ്റി അറിയാൻ കേരള പാരാമെഡിക്കൽ കൗൺസിൽ, DME അല്ലെങ്കിൽ കേരള ഹെൽത്ത് വാഴ്സിറ്റി എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ഏത് ഒരു ഡിഗ്രി കോഴ്സും കേരളത്തിന് പുറത്തു ആണ് പഠിക്കുന്നത് എങ്കിൽ പഠിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥാപനം ഏത് യൂണിവേഴ്സിറ്റിയിൽ ആണ് അഫ്‌ലിയേഷൻ ചെയ്തിരിക്കുന്നത് എന്ന് തീർച്ചയായും അന്വേഷിച്ച ഉറപ്പ് വരുത്തണം.

യൂണിവേഴ്സിറ്റിക്ക് യുജിസി അംഗീകാരം ഉണ്ട് എന്നും അത് യുജിസിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ഉറപ്പ് വരുത്തണം. അതിനു അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസുമായും, യൂജിസിയുമായും ബന്ധപ്പെടാവുന്നത് ആണ്
(https://ugc.ac.in, https://aiu.ac.in)

ഒരു കാരണ വശാലും നമ്മളുടെ ഒരു കുട്ടി പോലും ഒരു ചതികുഴിയിലും വീഴാൻ പാടില്ല.

കോഴ്സുകളെ പറ്റി, സ്ഥാപന വിശ്വാസ്യതകളെ പറ്റി, അംഗീകാരങ്ങളെ പറ്റി നിങ്ങൾക്ക് സംശയങ്ങൾ വന്നാൽ 25 വർഷമായി കരിയർ ഗൈഡൻസ് രംഗത്ത് നിസ്വാർത്ഥ സേവനങ്ങൾ നൽകി പതിനായിരങ്ങൾക്ക് വഴികാട്ടിയായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന NGO ആയ സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ സേവനത്തെ നിങ്ങൾക്ക് തേടാവുന്നതാണ്.

ഞായർ ഒഴികെ ബാക്കി എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് 2 മണി മുതൽ സൂം പ്ലാറ്റ് ഫോറത്തിൽ നടക്കുന്ന ആസ്ക് ഫ്രം ഹോം എന്ന പരിപാടിയിലൂടെ നേരിട്ട് നിങ്ങൾക്ക് കരിയർ വിദഗ്ദരുമായി സംവദിക്കാവുന്നതാണ്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന നൂറുകണക്കിന് സിജിയുടെ എക്സ്പേർട്ടുകളുടെ സേവനങ്ങളെയും ലഭ്യമാക്കാൻ പറ്റുന്നതാണ്.

©️
www.cigi.org
www.cigicareer.com