ബിരുദധാരികൾക്ക് CDSലൂടെ പട്ടാളത്തിലെത്താം

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷ 2021 ഫെബ്രുവരി ഏഴിന് നടക്കും. അവിവാഹിതരായ ബിരുദ/എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
വിവിധ അക്കാദമികളിലായി ആകെ 345 ഒഴിവുകളാണുള്ളത്.

17 ഒഴിവുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.

ഒഴിവുകൾ

ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി-100, ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി-26, ഹൈദരാബാദിലെ എയർ ഫോഴ്സ് അക്കാദമി-32, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി-187. ചെന്നൈയിലെ 170 ഒഴിവുകൾ പുരുഷന്മാർക്കും 17 ഒഴിവുകൾ വനിതകൾക്കും ഉള്ളതാണ്. എൻ.സി.സി. സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ചില കോഴ്സുകളിൽ സംവരണമുണ്ട്.

യോഗ്യത

മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിൽ ബിരുദമാണ് യോഗ്യത. നേവൽ അക്കാദമിയിലേക്ക് അപേക്ഷിക്കാൻ എൻജിനിയറിങ് ബിരുദം വേണം. എയർഫോഴ്സ് അക്കാദമിയിലേക്കുള്ള യോഗ്യത ബിരുദമോ എൻജിനിയറിങ് ബിരുദമോ ആണ്. എയർഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന ബിരുദധാരികൾ ഫിസിക്സും ഗണിതവും വിഷയങ്ങളായി പന്ത്രണ്ടാംക്ലാസിൽ പഠിച്ചിരിക്കണം.
അവസാന വർഷ/സെമസ്റ്ററിൽ പഠിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകളോടെ അപേക്ഷിക്കാം.

പ്രായപരിധി

മിലിട്ടറി അക്കാദമി, നേവൽ അക്കാദമി എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്നവർ 1998 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. എയർഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചിരിക്കണം. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. പരിശീലനകാലയളവിൽ വിവാഹംകഴിക്കാനും പാടില്ല. അവിവാഹിതകളായ വനിതകൾക്കൊപ്പം ബാധ്യതകളില്ലാത്തതും പുനർവിവാഹംചെയ്യാത്തവരുമായ വിധവകൾ, ബാധ്യതകളില്ലാത്തതും പുനർവിവാഹംചെയ്യാത്തവരുമായ വനിതകൾ എന്നിവർക്കും അപേക്ഷിക്കാം.

പരീക്ഷ

41 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ഒ.എം.ആർ. ഷീറ്റിലാണ് പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകുമുണ്ടാകുക. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.

അപേക്ഷ

www.upsconline.nic.in
വഴി അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ ഏതൊക്കെ അക്കാദമികളിലേക്കാണ് പ്രവേശനം ആഗ്രഹിക്കുന്നത് എന്നതിന്റെ മുൻഗണനാക്രമം നൽകണം.
വനിതകൾ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി മാത്രം തിരഞ്ഞെടുത്താൽമതി.

അവസാന തീയതി: നവംബർ 17.

സിജി ഇൻ്റർനാഷനൽ കരിയർ ടീം