ജാം-2021 ഫെബ്രുവരി 14ന്; അപേക്ഷ 15 വരെ
അടുത്ത അധ്യയനവർഷം ഐ.ഐ.ടികൾ നടത്തുന്ന ഫുൾടൈം എം.എസ്സി, മാസ്റ്റേഴ്സ് ഇൻ ഇക്കണോമിക്സ്, ജോയൻറ് എം.എസ്സി-പിഎച്ച്.ഡി, എം.എസ്സി, പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി, മറ്റു ബിരുദാനന്തര പ്രോഗ്രാമുകളിലേക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ നടത്തുന്ന ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള ജോയൻറ് അഡ്മിഷൻ ടെസ്റ്റ് (ജാം-2021) ദേശീയതലത്തിൽ ഫെബ്രുവരി 14 ഞായറാഴ്ച നടക്കും. ഐ.ഐ.എസ്സി ബാംഗ്ലൂരാണ് ഇക്കുറി ടെസ്റ്റ് സംഘടിപ്പിക്കുന്നത്. യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ശാസ്ത്രവിഷയങ്ങളിൽ ബി.എസ്സി/ബി.എസ്/ബി.ഇ/ബി.ടെക്/ബി.എ/ബി.കോം (മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) മൊത്തം 55 ശതമാനം മാർക്കിൽ/5.5 cgpaയിൽ (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 50%/5.0 cgpa) കുറയാതെ വിജയിച്ചിരിക്കണം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷ ഫീസ്: ഒറ്റ പേപ്പറിന് 1500 രൂപ, രണ്ട് പേപ്പറിന് 2100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് യഥാക്രമം 750 രൂപ, 1050 രൂപ എന്നിങ്ങനെ മതിയാകും.
വിശദവിവരങ്ങളടങ്ങിയ ‘ജാം-2021’ ഇൻഫർമേഷൻ ബ്രോഷർ http://jam.iisc.ac.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 15നകം അപേക്ഷിക്കണം. മെറിറ്റ് ലിസ്റ്റ് മാർച്ച് 20ന് പ്രസിദ്ധപ്പെടുത്തും. ജാം 2021 സ്കോർകാർഡ് മാർച്ച് 27 മുതൽ ജൂലൈ 31 വരെ ഡൗൺലോഡ് ചെയ്യാം. യോഗ്യത നേടുന്നവർ പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം.