കോവിഡ്–19 പശ്ചാത്തലത്തിൽ, ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവായി.
ഉത്തരവിലെ നിബന്ധനകൾ:
★ നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവർ 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണം.
★ ഉദ്യോഗാർഥി കോവിഡ് ബാധിതനാണെന്ന് അറിയിച്ച് കൂടുതൽ സമയം ആവശ്യപ്പെട്ട് അപേക്ഷ നൽകിയാൽ രോഗം ഭേദമായ ശേഷം നിരീക്ഷണ കാലയളവും പൂർത്തിയാക്കി ആരോഗ്യ വകുപ്പിന്റെ സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണം.
★ ഹോട്സ്പോട്ട്/കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർ അപേക്ഷ നൽകിയാൽ അവർ ഉൾപ്പെട്ട പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയ ശേഷം 10 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിച്ചാൽ മതി.
★ ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം നീരീക്ഷണത്തിൽ തുടരുന്നവർ നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണം.
★ മറ്റു സംസ്ഥാനങ്ങളിൽപ്പെട്ടുപോയവർ അപേക്ഷ നൽകിയാൽ അടിയന്തരമായി സംസ്ഥാനത്ത് എത്തിച്ചേരാനും ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാനും അനുവദിക്കും.
★ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ വിദേശത്ത് അകപ്പെട്ടുപോയ ഉദ്യോഗാർഥികൾ അപേക്ഷ നൽകിയാൽ ബന്ധപ്പെട്ട രാജ്യത്തുനിന്ന് രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ച് നാട്ടിൽ മടങ്ങിയെത്തി ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കും.
മുകളിൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾ പാലിക്കാതെ നിശ്ചിത കാലാവധിക്കുള്ളിൽ സർവീസിൽ പ്രവേശിക്കാത്ത ഉദ്യോഗാർഥികളുടെ ഒഴിവ് എൻജെഡിയായി കണക്കാക്കി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യും.