കോളജുകളിൽ ഈ വർഷം ആരംഭിക്കുന്ന പുതിയ കോഴ്സുകളിലേക്ക് നവംബറോടെ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ അവസരമൊരുക്കും. ഇതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കേരള, കോഴിക്കോട്, മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകളുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സർവകലാശാലകളിൽ നൂതന കോഴ്സുകൾ ആരംഭിക്കുന്ന കാര്യം ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഓരോ കോളജുകളിലും രണ്ടു കോഴ്സുകൾ വീതം ആരംഭിക്കാനായിരുന്നു തീരുമാനം.
സെപ്റ്റംബർ 21 വരെ ഇതിനായി അപേക്ഷിക്കാൻ കോളജുകൾക്ക് സമയം അനുവദിച്ചിരുന്നു. അപേക്ഷകൾ ക്രോഡീകരിച്ച് മുൻഗണനാക്രമത്തിലാണ് കോഴ്സുകൾ അനുവദിക്കുക.
സർവകലാശാലകളുടെ ചട്ടപ്രകാരം പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കാൻ ഓഗസ്റ്റ് 31 വരെയാണ് കോളജുകൾക്ക് അനുമതിയുള്ളത്. എന്നാൽ അതിനുശേഷമാണ് ഇക്കൊല്ലം തന്നെ കോഴ്സുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് അപേക്ഷാത്തീയതിയിൽ മാറ്റം വരുത്തുന്നതിനായി സർവകലാശാല ചട്ടം ഭേദഗതി ചെയ്യേണ്ടി വന്നത്. പുതുതലമുറ കോഴ്സുകൾക്കാണ് ഇക്കൂട്ടത്തിൽ സർവകലാശാലകൾ മുൻഗണന നൽകുന്നത്.