സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാമത്തെയും ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്കുള്ള ആദ്യത്തേയും കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകളിലെ കമ്യൂണിറ്റി/രജിസ്ട്രേഡ് സൊസൈറ്റി/രജിസ്ട്രേഡ് ട്രസ്റ്റ് േക്വാട്ട സീറ്റുകളിേലക്കും അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. അലോട്ട്മെന്റ് വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം.ഫീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മെമ്മോയില്‍ ഉണ്ടാകും.
പുതുതായി അലോട്ട്മെന്റ് ലഭിക്കുന്നവര്‍ പ്രവേശന പരീക്ഷ കമീഷണറുടെ പേരില്‍ അടയ്ക്കേണ്ട ഫീസ് മെമ്മോയില്‍ കാണിച്ചിട്ടുള്ള പ്രകാരം ഒക്ടോബര്‍ 24 മുതല്‍ 31 വരെ തീയതികളില്‍ ഓണ്‍ലൈനായോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളജുകളില്‍ നേരിേട്ടാ വെര്‍ച്വല്‍ ആയോ പ്രവേശനം നേടണം. കോവിഡ് സാഹചര്യത്തില്‍ ഗവ. എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോളജുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ കോളജുകളില്‍ ഒടുക്കേണ്ട കോഷന്‍ ഡെപ്പോസിറ്റ് (1000 രൂപ) കൂടി പ്രവേശന പരീക്ഷ കമീഷണര്‍ക്ക് ഓണ്‍ലൈന്‍ പേമെന്റായോ പോസ്റ്റ് ഓഫിസ് വഴിയോ ഒടുക്കണം. എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്സുകള്‍ക്ക് ഒന്നാംഘട്ടത്തില്‍ ലഭിച്ച അലോട്ട്മെന്റില്‍ നിന്ന് വ്യത്യസ്തമായ അലോട്ട്മെന്റ് രണ്ടാംഘട്ടത്തില്‍ ലഭിച്ചവര്‍ അധിക തുക പ്രവേശന പരീക്ഷ കമീഷണറുടെ പേരില്‍ അടയ്ക്കേണ്ടണ്ടതുണ്ടെങ്കില്, ഫീസടച്ചശേഷം 31നകം അലോട്ട്മെന്റ് ലഭിച്ച കോളജുകളില്‍ നേരിട്ട് ഹാജരായോ വെര്‍ച്വല്‍ ആയോ പ്രവേശനം നേടാം.
നിലവില്‍ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അലോട്ട്മെന്റ് മെമ്മോ പ്രകാരമുള്ള കോളജുകളില്‍ ഒക്ടോബര്‍ 31ന് വൈകീട്ട് നാലിനകം പ്രവേശനം നേടണം. എന്‍ജിനീയറിങില്‍ ഷെഡ്യൂള്‍ പ്രകാരം പ്രവേശനം നേടാന്‍ കഴിയാത്തവര്‍ അലോട്ട്മെന്റ് ലഭിച്ച കോളജുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 31ന് വൈകീട്ട് നാലിനകം പ്രവേശനം നേടണം. നിശ്ചിത സമയത്ത് ഫീസടച്ച് പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ഉയര്‍ന്ന ഒാപ്ഷനുകളും റദ്ദാകും.
എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങളും ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികളും നവംബര്‍ ഒന്നിന് ആരംഭിക്കും. മൂന്നാം ഘട്ട അലോട്ട്മെന്റിന് മുമ്ബായി ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തല്‍, നിലവിലെ ഓപ്ഷനുകള്‍ ക്രമീകരിക്കല്‍, ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദാക്കല്‍, പുതിയ കോഴ്സുകളോ കോളജുകളോ ഉള്‍പ്പെടുത്തുന്ന പക്ഷം അവയിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യല്‍ എന്നിവക്കുള്ള സൗകര്യം ലഭ്യമാകും. വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
പ്രവേശനം നേരിട്ടും വെര്‍ച്വലായും
തിരുവനന്തപുരം: എന്‍ജിനീയറിങ് കോളജുകളില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് കോളജുകളില്‍ എത്തിയോ വെര്‍ച്വല്‍ രീതിയിലോ പ്രവേശനം നേടാം. സര്‍ക്കാര്‍, എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഏത് ദിവസമാണ് ഹാജരാകേണ്ടതെന്ന് ബന്ധപ്പെട്ട കോളജിെന്റ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രവേശനത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം വിദ്യാര്‍ഥി രക്ഷിതാവിനൊപ്പം ഹാജരാകണം. വിദ്യാര്‍ഥിയുടെ തിരിച്ചറിയല്‍ രേഖ പ്രവേശന സമയത്ത് നിര്‍ബന്ധമാണ്. മതിയായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി പകരം ഹാജരാകുന്നവരെ ചുമതലപ്പെടുത്തിയുള്ള സാക്ഷ്യപത്രം കൊടുത്തുവിടണം. സാക്ഷ്യപത്രത്തില്‍ വിദ്യാര്‍ഥിയും രക്ഷാകര്‍ത്താവും ഒപ്പിടണം. പകരം വരുന്ന ആളുടെ തിരിച്ചറിയല്‍ രേഖ കൈവശമുണ്ടായിരിക്കണം. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് കോളജില്‍ നിന്ന് നല്‍കും.
വെര്‍ച്വല്‍ പ്രവേശനം: നേരിട്ട് ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ സൗകര്യപ്രദമായ റിപ്പോര്‍ട്ടിങ് സെന്ററില്‍ രേഖകള്‍ ഹാജരാക്കണം. ഇവിടെനിന്ന് രേഖകളുടെ പകര്‍പ്പ് ഇലക്ട്രോണിക് മാധ്യമം വഴി അലോട്ട്മെന്റ് ലഭിച്ച കോളജിലേക്ക് അയച്ചുനല്‍കും.
വെര്‍ച്വല്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ടിങ് സെന്ററില്‍ എത്തുന്നവര്‍ വിദ്യാര്‍ഥിയും രക്ഷാകര്‍ത്താവും ഒപ്പിട്ട പ്രവേശനം അനുവദിക്കണമെന്ന അപേക്ഷ, അലോട്ട്മെന്റ് മെമ്മോയുടെ പകര്‍പ്പ്, ടി.സിയുടെ അസ്സല്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പിന്നീട് ഹാജരാക്കാമെന്ന സാക്ഷ്യപത്രം (വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പിട്ടത്), കുട്ടിയുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം.
വിദ്യാര്‍ഥി റിപ്പോര്‍ട്ടിങ് സെന്ററില്‍ ഹാജരാകുന്നില്ലെങ്കില്‍ പകരം ഹാജരാകുന്ന ആളിനെ ചുമതലപ്പെടുത്തിയ സാക്ഷ്യപത്രം (കുട്ടിയും രക്ഷാകര്‍ത്താവും ഒപ്പിട്ടത്), ഹാജരാകുന്നയാളുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് (അസ്സല് പരിശോധനക്ക് ലഭ്യമാക്കണം) എന്നിവ സമര്‍പ്പിക്കണം. രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് കോളജില്‍ ലഭിച്ചാല്‍ പ്രവേശന അറിയിപ്പ് വിദ്യാര്‍ഥിക്ക് ഇ-മെയിലായി നല്‍കും.
വെര്‍ച്വല്‍ പ്രവേശനം എടുക്കുന്നവര്‍ ഒക്ടോബര്‍ 30ന് വൈകീട്ട് നാലിന് മുമ്ബായി റിപ്പോര്‍ട്ടിങ് സെന്ററില്‍ രേഖകള്‍ സമര്‍പ്പിക്കണം.
റിപ്പോര്‍ട്ടിങ് സെന്ററുകള്‍
തിരുവനന്തപുരം കോളജ് ഒാഫ് എന്‍ജിനീയറിങ്, ഗവ. എന്‍ജിനീയറിങ് കോളജ് ബാര്‍ട്ടണ്‍ഹില്‍, കോട്ടയം രാജീവ്ഗാന്ധി കോളജ്, തൃശൂര്‍ ഗവ. എന്‍ജി. കോളജ്, പാലക്കാട് ശ്രീകൃഷ്ണപുരം എന്‍ജി. കോളജ്, ഇടുക്കി ഗവ. എന്‍ജി. കോളജ്, വയനാട് ഗവ.എന്‍ജി. കോളജ്, കണ്ണൂര്‍ ഗവ. എന്‍ജി. കോളജ്, കോഴിക്കോട് ഗവ. എന്‍ജി. കോളജ്, േകാതമംഗലം മാര്‍ അത്തനേഷ്യസ്, കൊല്ലം ടി.കെ.എം, കാസര്‍കോട് പെരിയ ഗവ. പോളിെടക്നിക്, മലപ്പുറം തിരൂരങ്ങാടി ഗവ. പോളിടെക്നിക്, കളമശ്ശേരി ഗവ. പോളിടെക്നിക്, കായംകുളം വിമന്‍സ് ഗവ. പോളിടെക്നിക്, അടൂര്‍ ഗവ. പോളിടെക്നിക്.