ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപന സാഹചര്യം കാരണം ഐ.ഐ.ടി പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ജെ.ഇ.ഇ (ജോയിന്‍റ് എന്‍ട്രന്‍സ് എക്സാം) നഷ്ടമായവര്‍ക്ക് ഒരവസരം കൂടി. 2021ല്‍ ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കാന്‍ ജോയിന്‍റ് അഡ്മിഷന്‍ ബോര്‍ഡ് (ജെ.എ.ബി) തീരുമാനിച്ചു.
ഈ വര്‍ഷം നടന്ന ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 2021ല്‍ പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും.
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതാന്‍ ഒരവസരം കൂടി നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടും പരീക്ഷയുടെ ചുമതലയുള്ള ഡല്‍ഹി ഐ.ഐ.ടിയോടും അഭ്യര്‍ഥിച്ചിരുന്നു. ജോയിന്‍റ് അഡ്മിഷന്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നാണ് ഒരവസരം കൂടി നല്‍കാനുള്ള തീരുമാനമെടുത്തത്.കോവിഡ് പോസിറ്റീവ് ആയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും വിവിധ കോവിഡ് നിയന്ത്രണങ്ങളാല്‍ പരീക്ഷക്ക് എത്താന്‍ കഴിയാതിരുന്നവര്‍ക്കും ഒരവസരം കൂടി നല്‍കാന്‍ ജെ.എ.ബി തീരുമാനിച്ചതായി ഡല്‍ഹി ഐ.ഐ.ടി പ്രസ്താവനയില്‍ പറഞ്ഞു. ഇവര്‍ക്ക് 2021ലെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ എഴുതേണ്ടിവരില്ല. 2020ലെ ജെ.ഇ.ഇ അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ നേരിട്ട് 2021ലെ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എഴുതാം.
2021ലെ ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ നിന്ന് യോഗ്യത നേടുന്നവര്‍ക്ക് പുറമേ പ്രത്യേകമായാണ് ഇവരെ പരിഗണിക്കുക.