കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവറ്റ് 2025

പരമാവധി 5 വിഷയങ്ങളിൽ പരീക്ഷ അഭിമുഖീകരിക്കാം.

പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ

രാജ്യത്തെ കേന്ദ്ര സർവകലാശലകളിലെയും ഈ പ്രക്രിയയിൽ പങ്കെടുക്കുന്ന മറ്റു സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും, ബിരുദതല പ്രോഗ്രാമുകളിലെ 2025-26 ലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവറ്റ് (സി.യു.ഇ.ടി.-യു.ജി.) 2025 ന് അപേക്ഷ ക്ഷണിച്ചു.

പങ്കെടുക്കുന്ന കേന്ദ്ര സർവകലാശാലകൾ:

പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദ പ്രോഗ്രാം പ്രവേശനം നടത്തുന്ന കേന്ദ്ര സർവകലാശാലകൾ:

അലിഗഡ് മുസ്ലിം, അസം, ബാബാ സാഹബ് ഭിം റാവു അംബേദ്കർ, ബനാറസ് ഹിന്ദു, ആന്ധ്രപ്രദേശ്, സൗത്ത് ബിഹാർ, ഗുജറാത്ത്, ഹരിയാണ, ഹിമാചൽ പ്രദേശ്, ജമ്മു, ജാർഖണ്ഡ്, കർണാടക, കഷ്മീർ, കേരള, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഡോ. ഹരിസിംഗ് ഗൗർ, ഗുരു ഗാസിദാസ്, ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ, ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ, ജാമിയ മിലിയ ഇസ്ലാമിയ, ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി അന്തർ രാഷ്ട്രീയ ഹിന്ദി, മണിപ്പൂർ, മൗലാനാ ആസാദ് നാഷണൽ ഉർദു, മിസോറം, നാഗാലാൻ്റ്, നോർത്ത് ഈസ്റ്റേൺ ഹിൽ, പോണ്ടിച്ചേരി, രാജീവ് ഗാന്ധി, സിക്കിം, തേസ്പൂർ, ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്, ത്രിപുര, അലഹബാദ്, ഡൽഹി, ഹൈദരാബാദ്, വിശ്വഭാരതി, മഹാത്മാഗാന്ധി സെൻട്രൽ,
സെൻട്രൽ സാൻസ്ക്രിറ്റ്, നാഷണൽ സാൻസ്ക്രിറ്റ്, ശ്രീ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ സാൻസ്ക്രിറ്റ്,
സെൻട്രൽ ടൈബൽ ആന്ധ്രപ്രദേശ്,
സമ്മാക്കാ സറക്ക സെൻട്രൽ ട്രൈബൽ.

പങ്കെടുക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ സ്‌റ്റേറ്റ്, കൽപിത, സ്വകാര്യ സർവകലാശാലകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയും ഉൾപ്പെടും.

ഈ പരീക്ഷയുടെ സ്കോർ ഉപയോഗിക്കുന്ന സർവകലാശാലകളിലെ/ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ താൽപര്യമുള്ളവർ സി.യു.ഇ.റ്റി.യു.ജി.
2025 അഭിമുഖീകരിക്കേണ്ടതുണ്ട്.

സർവകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകൾ, പ്രവേശന യോഗ്യത തുടങ്ങിയവ സി.യു.ഇ.റ്റി. യു.ജി. 2025 വെബ് സൈറ്റായ https://cuet.nta.nic.in/ ൽ ലഭിക്കും. കൂടുതൽ സ്ഥാപനങ്ങൾ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാൽ അപേക്ഷകർ വെബ് സൈറ്റ് നിരന്തരം സന്ദർശിച്ചു കൊണ്ടിരിക്കണം.

പ്രവേശന വ്യവസ്ഥകൾക്ക് സി.യു.ഇ.റ്റി. യു.ജി. വെബ് സൈറ്റ് നോക്കണം. കൂടാതെ അതതു സർവകലാശാല/സ്ഥാപനം പ്രസിദ്ധപ്പെടുത്തുന്ന, ഇൻഫർമേഷൻ ബുള്ളറ്റിനും/പ്രോസ്പക്ടസും പരിശോധിക്കേണ്ടതാണ്.

പ്രവേശന യോഗ്യത:

പരീക്ഷ അഭിമുഖീകരിക്കാൻ പ്രായപരിധി ഇല്ല. എന്നാൽ സ്ഥാപനങ്ങൾ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് തൃപ്തിപ്പെടുത്തണം.

അപേക്ഷാർത്ഥി ക്ലാസ് 12/തത്തുല്യ പരീക്ഷ ജയിച്ചിരിക്കുകയോ 2025 ൽ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. തത്തുല്യ പരീക്ഷകളിൽ എച്ച്.എസ്.സി. വൊക്കേഷണൽ പരീക്ഷ, 3 വർഷ അംഗീകൃത ഡിപ്ലോമ, 5 വിഷയങ്ങളോടെയുള്ള എൻ.ഐ.ഒ.എസ്. സീനിയർ സെക്കണ്ടറി പരീക്ഷ, ചില വിദേശ പരീക്ഷകൾ തുടങ്ങിയവയും ഉൾപ്പെടും.

യോഗ്യതാ പരീക്ഷ അഭിമുഖീകരിച്ചിരിക്കേണ്ട വർഷം, ബന്ധപ്പെട്ട സർവകലാശാലാ വുവസ്ഥകൾക്കു വിധേയമായിരിക്കും.

ഓരോ സർവകലാശാലയുടെയും/ സ്ഥാപനത്തിൻ്റെയും പ്രവേശന യോഗ്യതാ വ്യവസ്ഥകൾ, പ്രവേശനത്തിനു വേണ്ട വിഷയ കോംബിനേഷനുകൾ, സംവരണ വ്യവസ്ഥകൾ, ഇളവുകൾ തുടങ്ങിയവയൊക്കെ വിഭിന്നമാകും. അതിനാൽ അപേക്ഷ നൽകും മുമ്പ് ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് വ്യവസ്ഥകൾ നിർബന്ധമായും മനസ്സിലാക്കണം.

പരീക്ഷയിലെ വിഷയങ്ങൾ:

സി.യു.ഇ.ടി. യു.ജി. 2025 – ൽ മൂന്നു ഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് – 13 ഭാഷകൾ, 23 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ, ഒരു ജനറൽ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും, ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും.

മൂന്നു ഭാഗങ്ങളും വിഷയങ്ങളും:

* 13 ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉർദു,

ഇതിലെ ചോദ്യങ്ങൾ, റീഡിംഗ് കോംപ്രിഹൻഷൻ (വ്യത്യസ്തമായ ഖണ്ഡികകൾ അടിസ്ഥാനമാക്കി – ഫാക്ച്വൽ, ലിറ്റററി, നറേറ്റീവ്), ലിറ്റററി ആപ്റ്റിറ്റ്യൂഡ് ആൻ്റ് വൊക്കാബുലറി എന്നിവ വിലയിരുത്തും.

* 23 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ: അക്കൗണ്ടൻസി/ബുക്ക് കീപ്പിംഗ്, അഗ്രിക്കൾച്ചർ, ആന്ത്രോപ്പോളജി, ബയോളജി/ബയോളജിക്കൽ സയൻസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയൺമൻ്റൽ സയൻസ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ പ്രാക്ടീസസ്, ഇക്കണോമിക്സ്/
ബിസിനസ് ഇക്കണോമിക്സ്, ഫൈൻ ആർട്സ്/വിഷ്വൽ ആർട്സ്/കൊമേർഷ്യൽ ആർട്സ്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, നോളജ് ട്രഡീഷൻ – പ്രാക്ടീസസ് ഇൻ ഇന്ത്യ, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, പെർഫോമിംഗ് ആർട്സ് (ഡാൻസ്, ഡ്രാമ, മ്യുസിക്), ഫിസിക്കൽ എജ്യൂക്കേഷൻ (യോഗ, സ്പോർട്സ്),
ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്‌, സൈക്കോളജി, സാൻസ്ക്രിറ്റ്‌, സോഷ്യോളജി.

ചോദ്യങ്ങൾ എൻ.സി.ഇ.ആർ.റ്റി. സിലബസ് പ്രകാരം. പ്രവേശനം തേടുന്ന സർവകലാശാലകൾ/കോഴ്‌സുകൾ അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാം.

* ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: വിദേശ ഭാഷകൾ ഉൾപ്പടെയുള്ള മറ്റു ഭാഷകൾകൾക്കും (അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കഷ്മീരി, കൊങ്കണി, മൈഥിലി, മണിപ്പൂരി, നേപ്പാളി, പേർഷ്യൻ, റഷ്യൻ, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റൻ, സാൻസ്ക്രിറ്റ്), ഓണ്ടർപ്രൂണർഷിപ്പ്, ടീച്ചിംഗ് ആപ്റ്റിറ്റ്യൂഡ്, ഫാഷൻ സ്റ്റഡീസ്, ടൂറിസം, ലീഗൽ സ്റ്റഡീസ്, എൻജിനിയറിങ് ഗ്രാഫിക്സ് എന്നിവയ്ക്കും. പങ്കെടുക്കുന്ന സർവകലാശാലകൾ ഓരോ പ്രോഗ്രാമിനും പരിഗണിക്കുന്ന ടെസ്റ്റുകൾ പരിശോധിച്ച് ഈ ടെസ്റ്റ് തിരഞ്ഞെടുക്കണമോ എന്ന് പരീക്ഷാർത്ഥിക്ക് തീരുമാനിക്കാം.

ജനറൽ നോളജ്, കറൻ്റ് അഫയേഴ്സ്, ജനറൽ മെൻ്റൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് (ബേസിക് മാത്തമാറ്റിക്കൽ തത്വങ്ങൾ – അരിത് മറ്റിക്/ഓൾജിബ്ര/ജ്യോമട്രി/മെൻസുറേഷൻ/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ ലളിതമായ ആപ്ലിക്കേഷൻസ്), ലോജിക്കൽ ആൻ്റ് അനലറ്റിക്കൽ റീസണിംഗ് എന്നീ മേഖലകളിലെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

പരമാവധി 5 ടെസ്റ്റുകൾ:

ഒരാൾക്ക് ഭാഷകൾ, ജനറൽ ടെസ്റ്റ് എന്നിവ ഉൾപ്പടെ പരമാവധി 5 വിഷയങ്ങൾ/ ടെസ്റ്റുകൾ വരെ തിരഞ്ഞെടുക്കാം.
പ്ലസ് ടു തലത്തിൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ ഡൊമൈൻ വിഷയങ്ങളുടേത് ഉൾപ്പടെ, ചേരാൻ ഉദ്ദേഗിക്കുന്ന പ്രോഗ്രാമുകൾക്കു വേണ്ട ടെസ്റ്റുകൾ പരിഗണിച്ച്, ഇഷ്ടമുള്ള 5 ടെസ്റ്റുകൾ തിരഞ്ഞെടുക്കാം.

ഓരോ സ്ഥാപനത്തിൻ്റെയും ഓരോ കോഴ്സിനും ബാധകമായ ടെസ്റ്റ് വാഷയങ്ങൾ സി യു.ഇ.റ്റി. യു.ജി. 2025 വെബ് സൈറ്റിൽ യൂണിവേഴ്സിറ്റീസ് ലിങ്കിൽ ലഭിക്കും.

ഉദാ: കേരള കേന്ദ്ര സർവകലാശാലയിലെ ബി.എ. ഇൻ്റർനാഷണൽ റിലേഷൻസ് (ഓണേഴ്സ്) പ്രോഗ്രാമിൽ താൽപര്യമുള്ളവർ ഭാഷാ ഭാഗത്തു നിന്നും ഇംഗ്ലീഷും, ഡൊമൈൻ വിഷയത്തിൽ നിന്നും പൊളിറ്റിക്കൽ സയൻസും കൂടാതെ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും അഭിമുഖീകരിക്കണം.

പരീക്ഷാ രീതി:

പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ (സി.ബി.റ്റി.) നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്റ്റ് ചോയ്സ് എന്നിവ പരിഗണിച്ച് പല ഷിഫ്റ്റുകളിലായി പരീക്ഷ നടത്തിയേക്കാം. ഒന്നിൽ കൂടുതൽ ഷിഫ്റ്റുകളിൽ പരീക്ഷ നടത്തേണ്ടി വന്നാൽ മാർക്ക് നോർമലൈസേഷൻ നടത്തി എൻ.റ്റി.എ. സ്കോർ നിർണയിക്കും. അതിൻ്റെ വിശദാംശങ്ങൾ വെബ്സൈറ്റിലുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.

ചോദ്യങ്ങൾ:

ഓരോ ടെസ്റ്റ് പേപ്പറിലും 50 ചോദ്യങ്ങൾ വീതം ഉണ്ടാകും. എല്ലാം നിർബന്ധമാണ്. ഓരോ ടെസ്റ്റിൻ്റെയുo സമയം 60 മിനിറ്റ് ആയിരിക്കും

മാർക്കിംഗ്:

ശരിയുത്തരത്തിന് 5 മാർക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും.

ചോദ്യ മീഡിയo:

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പടെ മൊത്തം 13 ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യപേപ്പർ വേണമെന്ന് രേഖപ്പെടുത്തണം. പിന്നീട് അത് മാറ്റാൻ കഴിയില്ല.

പരീക്ഷാ കേന്ദ്രങ്ങൾ:

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ:
ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട്, പയ്യന്നൂർ, ആലപ്പുഴ, ചെങ്ങന്നൂർ, എറണാകുളം, മൂവാറ്റുപുഴ.

അപേക്ഷിക്കുമ്പോൾ 4 കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. കഴിയുന്നതും അപേക്ഷാർത്ഥിയുടെ സംസ്ഥാനത്തെ സ്ഥിരം മേൽവിലാസവുമായി ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രമോ സമീപത്തെ പരീക്ഷാ കേന്ദ്രങ്ങളോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ദൂരെയുള്ള കേന്ദ്രങ്ങളോ മറ്റു സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളോ തിരഞ്ഞെടുക്കുന്നത് കഴിവതും ഒഴിവാക്കണം.

ഭാരതത്തിൽ 285 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
വിദേശത്ത് അബുദാബി, ഷാർജ, ദുബായ്, റിയാദ്‌, ദോഹ, മസ്കറ്റ്, കുവൈറ്റ് എന്നിവ ഉൾപ്പടെ 15 പരീക്ഷാ കേന്ദ്രങ്ങളും.

പരീക്ഷാ തീയതി:

പരീക്ഷ 2025 മെയ് 8 നും ജൂൺ 1 നും ഇടയ്ക്ക് ദിവസവും പല ഷിഫ്റ്റിലായി നടത്തും.

രജിസ്ട്രേഷൻ:

പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ,
https://cuet.nta.nic.in/ വഴി 2025 മാർച്ച് 22 രാത്രി 11.50 വരെ നടത്താം.
ഇൻഫർമേഷൻ ബുള്ളറ്റിൻ ഈ ലിങ്കിൽ ലഭിക്കും.

മൂന്നു ഘട്ടങ്ങളിലായി ഓൺലൈൻ അപേക്ഷ പൂർത്തിയാക്കണം – രജിസ്ട്രേഷൻ ഫോം, ആപ്ലിക്കേഷൻ ഫോം, ഫീ പേമൻ്റ്. ഇവ ഒരുമിച്ചോ ഘട്ടങ്ങളായോ പൂർത്തിയാക്കാം.
അപേക്ഷാർത്ഥിയെ പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ/കോഴ്സുകൾ ഏതൊക്കെയെന്ന് അപേക്ഷ നൽകുമ്പോൾ വ്യക്തമാക്കേണ്ടതുണ്ട്.

ഒരാൾ ഒരു അപേക്ഷയേ നൽകാവൂ. അപേക്ഷ നൽകി, ഫീസ് വിജയകരമായി അടച്ച ശേഷം, കൺഫർമേഷൻ പേജിൻ്റെ പ്രിൻ്റ് ഔട്ട് എടുത്ത് അപേക്ഷാർത്ഥി സൂക്ഷിക്കണം. കൺഫർമേഷൻ പേജിൻ്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.

അപേക്ഷാ ഫീസ് സംബന്ധിച്ച വിവരം ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, കാറ്റഗറി എന്നിവ അനുസരിച്ച് ഇത് മാറും.

മൂന്നു വിഷയങ്ങൾ/ടെസ്റ്റുകൾ വരെ തിരഞ്ഞെടുക്കുന്ന ജനറൽ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 1000 രൂപയാണ്. ഒ.ബി.സി.(എൻ.സി.എൽ.)/ഇ.ഡബ്ല്യു.എസ്. – 900 രൂപ, പട്ടിക/ഭിന്നശേഷി/തേർഡ് ജൻഡർ – 800 രൂപ. ഓരോ അധിക വിഷയത്തിനും ഈ വിഭാഗക്കാർ അധികമായി അടയ്ക്കേണ്ട തുക, യഥാക്രമം 400/375/350 രൂപ. വിദേശത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗക്കാരും, 3 വിഷയം വരെ 4500 രൂപയും ഓരോ അധിക വിഷയത്തിനും 1800 രൂപ വീതവും ഫീസായി നൽകണം.

അപേക്ഷാ ഫീസ്, 2025 മാർച്ച് 23 രാത്രി 11.50 വരെ ക്രഡിറ്റ്/ഡബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/യു.പി.ഐ. വഴി ഓൺലൈൻ ആയി അടയ്ക്കാം.

അപേക്ഷയിലെ പിശകുകൾ ഓൺ ലൈൻ ആയി തിരുത്താൻ 2025 മാർച്ച് 24 മുതൽ മാർച്ച് 26 രാത്രി 11.50 വരെ അവസരമുണ്ടാകും.

പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ, പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡിംഗ്, പരീക്ഷ കഴിഞ്ഞ്, റെസ്പോൺസസ്, ഉത്തര സൂചിക എന്നിവ വെബ്സൈറ്റിൽ ലഭ്യമാക്കുന്ന തീയതി, ഫലപ്രഖ്യാപനം എന്നിവയുടെ അറിയിപ്പുകൾ സൈറ്റിൽ ലഭ്യമാക്കുo.

സി.യു.ഇ.റ്റി. യു.ജി. അപേക്ഷ ക്ഷണിച്ച്, പരീക്ഷ നടത്തി, പരീക്ഷാർത്ഥികൾക്ക് സ്കോർ കാർഡ് നൽകുന്ന/സ്ഥാപനങ്ങൾക്ക് സ്കോർ വിവരങ്ങൾ നൽകുന്നതു വരെയുള്ള ഘട്ടങ്ങൾ ആണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരിധിയിൽ വരുന്നത്. ഒരു സ്ഥാപനത്തിലെ പ്രവേശനത്തിനുള്ള മെരിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്വങ്ങൾ പാലിച്ച് കൗൺസലിംഗ് നടത്തി പ്രവേശനം നൽകുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. അതിനാൽ പ്രവേശന കാര്യങ്ങൾക്ക് സ്ഥാപനങ്ങളുമായി ബന്ധപ്പെടണം.

സി.യു.ഇ.റ്റി. യു.ജി. 2025 ന് അപേക്ഷിക്കുന്നവർ പരിഗണിക്കപ്പെടേണ്ട സർവകലാശാലകൾ/പ്രോഗ്രാമുകൾ എന്നിവ അപേക്ഷാ വേളയിൽ തിരഞ്ഞെടുക്കണം. എന്നിരുന്നാലും
ഈ സ്കോർ അടിസ്ഥാനമാക്കി പ്രവേശനം നൽകുന്ന സർവകലാശാലകളിലേക്കും/സ്ഥാപനങ്ങളിലേക്കും അവരുടെ വിജ്ഞാപന പ്രകാരം പ്രത്യേകം അപേക്ഷ നൽക്കേണ്ടി വന്നേക്കാം. സ്ഥാപന വെബ്സെറ്റ് സന്ദർശിച്ച് ഇത് ഉറപ്പാക്കണം. ചില സ്ഥാപനങ്ങൾ സി.യു.ഇ.റ്റി. യു.ജി. ഫലപ്രഖ്യാപനത്തിനു ശേഷവും അപേക്ഷ നൽകാൻ അവസരം നൽകിയേക്കാം. ഇതെപ്പറ്റി അറിയാൻ ബന്ധപ്പെട്ട സ്ഥാപനത്തിൻ്റെ വെബ്സൈറ്റ് ഇടയ്ക്കിടെ പരിശോധിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഇൻഫർമേഷൻ ബുളളറ്റിൻ, വെബ് സൈറ്റ് എന്നിവ കാണണം.