വ്യോമസേനയിൽ അഗ്നിവീർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 3000ത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. നാല് വർഷത്തേക്കാണ് നിയമനം. ഈ മാസം 27 മുതൽ ആഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത
50 ശതമാനം മാർക്കോടെ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് ഉൾപ്പെട്ട സയൻസ് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കന്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിൽ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ഫിസ്ക്സ്, മാത്തമാറ്റിക്സ് എന്നീ നോൺ വൊക്കേഷനൽ വിഷയങ്ങൾ ഉൾപ്പെട്ട ദ്വിവത്സര വൊക്കേഷനൽ കോഴ്സ്. ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു, തത്തുല്യം, ദ്വിവത്സര വൊക്കേഷനൽ കോഴ്സ്. 50 ശതമാനം മാർക്ക് വേണം ഈ വിഷയങ്ങൾക്ക്. കൂടാതെ, ഇംഗ്ലീഷിന് മാത്രമായി 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം. 2003 ജൂൺ 27നും 2006 ഡിസംബർ 17നും ഇടയിൽ ജനിച്ചവർ ആകണം.
പാക്കേജ്
ആദ്യവർഷം 30,000 രൂപ, രണ്ടാംവർഷം 33,000 രൂപ, മൂന്നാംവർഷം 36,500 രൂപ, നാലാംവർഷം 40,000 രൂപ എന്നിങ്ങനെയായിരിക്കും ശമ്പളം. ഇതിൽ 30 ശതമാനം തുക അഗ്നിവീർ കോർപ്സ് ഫണ്ടിലേക്ക് പിടിക്കും. നാല് വർഷത്തെ സർവീസിന് ശേഷം 10.04 ലക്ഷം രൂപ നൽകും.
തിരഞ്ഞെടുപ്പ്
രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക. ഓൺലൈൻ പരീക്ഷയും ശാരീരിക ശേഷി പരിശോധനയും മെഡിക്കൽ എക്സാമിനേഷനും നടത്തിയാവും തിരഞ്ഞെടുക്കുന്നത്. ആദ്യഘട്ട ഓൺലൈൻ പരീക്ഷ ഒബ്ജക്ടീവ് ടൈപ്പിലായിരിക്കും. പരീക്ഷാഫീസ് 250 രൂപ. ഓൺലൈനായി വേണം ഫീസടക്കാൻ.
വിവരങ്ങൾക്ക് https://aganipathvayu.cda.in സന്ദർശിക്കുക. വെബ്സൈറ്റിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ വേണം അപേക്ഷ അപ്ലോഡ് ചെയ്യാൻ.