പണത്തിന്‍റെ ചര്‍ച്ച സജീവമായിക്കൊണ്ടിരിക്കുന്ന ലോകത്ത് നികുതി വിദഗ്ധർക്ക് പൊന്നും വിലയാണ്.

നല്ല ഉപദേശത്തിന് നല്ല പ്രതിഫലം കിട്ടുന്ന ജോലിയായിട്ടും ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ വളരെ ചുരുക്കമാണ്. ടാക്‌സേഷന്‍ എന്ന കരിയറിനെക്കുറിച്ചുള്ള ആൾക്കാരുടെ അജ്ഞതയാണ് പ്രധാന കാരണം.

നല്ല സമ്പാദ്യമുള്ളവര്‍ക്കെല്ലാം അത് നന്നായി കൈകാര്യം ചെയ്യാന്‍ അറിഞ്ഞു കൊള്ളണമെന്നില്ല. കണക്കില്ലാതെ പണമുണ്ടെങ്കില്‍ നിയമനടപടികള്‍ പിന്നാലെയെത്തിയെന്നുവരും. അത്തരക്കാരെല്ലാം ടാക്‌സ് കണ്‍സള്‍ട്ടന്റുമാരെ ആശ്രയിക്കാറുണ്ട്. നിയമപരമായ നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്ന രീതിയിലാകും കണ്‍സള്‍ട്ടന്റുമാര്‍ ഉപദേശം നല്‍കുക. കൈകാര്യം ചെയ്യുന്ന പണത്തിനനുസരിച്ച് കണ്‍സള്‍ട്ടന്റുമാരുടെ ഫീസും കൂടും. നിയമപരമായ രീതിയില്‍ നികുതി ലാഭിക്കുന്ന വഴികള്‍ പറഞ്ഞുകൊടുക്കുകയാകും ഇവരുടെ പ്രധാന ചുമതല.

വലിയ കമ്പനികളിലെല്ലാം സ്വന്തമായി ടാക്‌സേഷന്‍ വകുപ്പുണ്ടാകും. ബഹുരാഷ്ട്ര കമ്പനികളിലെല്ലാം ഓരോ രാജ്യത്തിനും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനുമെല്ലാം ഈ വകുപ്പ് പ്രത്യേകമായുണ്ടാകും. എന്നാല്‍ ചില കമ്പനികള്‍ നികുതി സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറത്തുള്ള ഏജന്‍സികളെ ഏല്പിക്കാറുണ്ട്. മാസം മുഴുവന്‍ ജോലിക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതിനെക്കാള്‍ നല്ലത് വര്‍ഷത്തിലൊരിക്കല്‍ ഏജന്‍സികളെ ആശ്രയിക്കുന്നതാണെന്ന് ഇവര്‍ കരുതുന്നു. അക്കൗണ്ടുകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്ന ടാക്‌സ് അക്കൗണ്ടന്റുമാര്‍ക്ക് കോര്‍പ്പറേറ്റ് ലോകത്തില്‍ വലിയ ഡിമാന്‍ഡാണ്. വിശ്വാസ്യതയും പരിചയവും ജോലിയിലെ മികവും അടിസ്ഥാനമാക്കിയാണ് ഏജന്‍സികളെ തിരഞ്ഞെടുക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങളും സാമ്പത്തിക കണക്കുകള്‍ ശരിയാക്കാന്‍ സ്വകാര്യ അക്കൗണ്ടന്റുമാരെ ആശ്രയിക്കാറുണ്ട്.

നികുതി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതില്‍ വിദഗ്ധരായവരെയാണ് വലിയ കമ്പനികള്‍ ആശ്രയിക്കുക. സാധാരണ അഭിഭാഷകരെല്ലാം നികുതിനിയമങ്ങളെക്കുറിച്ച് പഠിക്കുമെങ്കിലും കണക്കിലെ നൂലാമാലകള്‍ പരിശോധിക്കാന്‍ പലര്‍ക്കും അറിവുണ്ടാകില്ല. നികുതി നിയമങ്ങളെക്കുറിച്ചുള്ള സ്‌പെഷ്യലൈസേഷന്‍ അഭിഭാഷകരുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നു. അഭിഭാഷകരല്ലെങ്കിലും ഈ നിയമങ്ങളെക്കുറിച്ച് പഠിച്ചവര്‍ക്ക് അതില്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കാം.

ലഭ്യമായ കോഴ്‌സുകൾ 

കണക്ക് പുസ്തകം കാണുമ്പോഴേക്കും ഉറക്കം വരുന്നവര്‍ക്ക് പറ്റിയ മേഖലയല്ല ടാക്‌സേഷന്‍. കണക്കുകളിലാണ് ഇവിടെ കളി. സാമ്പത്തിക നിയമങ്ങളെക്കുറിച്ചും വ്യക്തത വേണം. വാണിജ്യരംഗത്തോടുള്ള അഭിരുചിയും നിരന്തരമുണ്ടാകുന്ന മാറ്റങ്ങള്‍ അറിയാനുള്ള താത്പര്യവുമുണ്ടായാല്‍ ടാക്‌സേഷന്‍ രംഗത്ത് നിങ്ങള്‍ക്ക് ശോഭിക്കാം.

ടാക്‌സേഷനാണ് കരിയറെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍ ബിരുദതലത്തില്‍തന്നെ പഠനം തുടങ്ങാം. 

കേരളത്തിലെ മിക്ക സര്‍വകലാശാലകളിലും ബി.കോമിനൊപ്പം നികുതിയെക്കുറിച്ച് പഠിക്കാം.

കേരള സര്‍വകലാശാലയില്‍ ബി.കോം സ്ട്രീമില്‍ കൊമേഴ്സ് ആന്‍ഡ് ടാക്‌സ് പ്രൊസീജ്യര്‍ ആന്‍ഡ് പ്രാക്ടീസ് എന്ന കോഴ്സുണ്ട്. ഇരുനൂറിലേറെ സീറ്റുകളാണ് വിവിധ കോളേജുകളിലായുള്ളത്.

മഹാത്മാഗാന്ധി സര്‍വകലാശാലയിലും ബി.കോം, എം.കോം സ്ട്രീമുകളില്‍ ടാക്‌സേഷനെക്കുറിച്ചുള്ള സ്‌പെഷലൈസേഷനുകളുണ്ട്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ ബി.കോം വിത്ത് ഇന്‍കം ടാക്‌സ് ലോ ആന്‍ഡ് പ്രാക്ടീസ് എന്ന കോഴ്സാണ് പ്രധാനമായുള്ളത്. കോഴിക്കോട് സർവകലാശാലയിൽ ബികോം ടാക്സേഷൻ എന്ന കോഴ്‌സ് നടത്തുന്നുണ്ട്.

കോഴ്സുകളെക്കുറിച്ചും അത് പഠിപ്പിക്കുന്ന കോളേജുകളെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ അതത് സര്‍വകലാശാല വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ (ജി.ഐ.എഫ്.ടി.) ജിഎസ്‌ടി വിഷയത്തിലുള്ള കോഴ്‌സ് നടത്തുന്നുണ്ട്.

Post Graduate Diploma in Goods and Services Taxation (PGD-GST) കോഴ്സാണ് ജി.ഐ.എഫ്.ടി.യിലുള്ളത്. (https://www.gift.res.in/index.php/course/detail/14/PGD-GST) ഈ കോഴ്‌സ് ജിഎസ്‌ടി രംഗത്തെ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച കോഴ്‌സ്‌ ആണ്.

ടാക്‌സേഷന്‍ നിയമങ്ങളില്‍ കോഴ്സ് നടത്തുന്ന ഒരു പാട് സ്ഥാപനങ്ങൾ വേറെയുമുണ്ട്.

എ.സി.സി.എ. ഗ്ലോബല്‍ (https://www.accaglobal.com/gb/en/member/discover/events/global/e-learning/further-qualifications/adit.html), ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ടാക്‌സ് സ്റ്റഡീസ് തുടങ്ങിയവയും ടാക്‌സേഷന്‍ മേഖലയില്‍ മികച്ച കോഴ്സ് നല്‍കുന്ന സ്ഥാപനങ്ങളാണ്.

ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസില്‍ നികുതി നിയമങ്ങള്‍ പഠിക്കാനുള്ള അഞ്ചുവര്‍ഷത്തെ കോഴ്സുണ്ട്. പ്ലസ് ടു പഠനത്തിനുശേഷം ചേരാവുന്ന മികച്ച കോഴ്സാണിത്.

നൽസാർ ഹൈദരാബാദ് നിയമ പഠന കേന്ദ്രത്തിനു കീഴിൽ രണ്ടു വർഷത്തെ എംഎ കോഴ്‌സ് ഇന്റർനാഷണൽ ടാക്സേഷൻ എന്ന വിഷയത്തിലും ഒരു വർഷ അഡ്വാൻസ് ഡിപ്ലോമ കോർപറേറ്റ് ടാക്‌സേഷൻ എന്ന വിഷയത്തിലും വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്നു. ലിങ്ക് https://apply.nalsar.ac.in/ddeapplicationform

ഐസിഎംഐ നടത്തുന്ന ഓൺലൈൻ കോഴ്‌സുകൾ കുറിച്ചറിയാൻ https://icmai.in/TaxationPortal/OnlineCourses/index.php ലിങ്ക് സന്ദർശിക്കാം

ഐസിഎഐ നടത്തുന്ന കോഴ്‌സുകളുടെ വിവരങ്ങൾക്ക് https://idtc.icai.org/certificate-course-gst.html

സിംബയോസിസ് നടത്തുന്ന ടാക്‌സേഷൻ കോഴ്‌സിനെ കുറിച്ചറിയാൻ https://www.scdl.net/programs/pg-certificate/distance-learning-pg-certification-taxation-laws.aspx

കെൽട്രോൺ നടത്തുന്ന ഡിപ്ലോമ കോഴ്‌സിനെ അറിയാൻ https://ksg.keltron.in/publicSite/course/13

ഐഎൽഎസ് നിയമ കോളേജ് നടത്തുന്ന ഡിപ്ലോമ കോഴ്‌സിനെ അറിയാൻ https://ilslaw.edu/courses/diploma-in-taxation-laws-d-t-l/

Mujeebulla K M,

CIGI Career Team,

00971 509220561_