ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് പഠന പ്രവേശനത്തിന് നിരവധി അഭിരുചി പരീക്ഷകളുണ്ട്. ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിൻ്റെ വെബ്‌സൈറ്റ് സന്ദർശിച്ച്, പ്രവേശനത്തിനാവശ്യമായ പരീക്ഷ ഏതെന്ന് ഉറപ്പ് വരുത്തണം. മാനേജ്‌മെന്റ് പഠനത്തിന് നിരവധി സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കിലും ഗുണനിലവാരമുള്ള ബിസിനസ് സ്‌കൂളുകളില്‍ നിന്ന് ഉയര്‍ന്ന അക്കാദമിക മികവോടെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് മികച്ച കരിയറുകളിലെത്തി വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡമായ പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളെ പരിചയപ്പെടാം. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റുകൾ പരിശോധിക്കേണ്ടതാണ്.

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT):

മാനേജ്മെൻ്റ് പഠന മേഖലയിൽ രാജ്യത്തെ അഭിമാനാർഹമായ സ്ഥാപനങ്ങളായ ഐ.ഐ.എം ( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ) കളിലെ പോസ്റ്റ് ഗ്രാജുവേറ്റ്, ഫെല്ലോ/ഡോക്ടറേറ്റ് തല മാനേജ്മെൻറ് പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷയാണ് കാറ്റ് (CAT). ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട് .

ഔദ്യോഗിക വെബ്സൈറ്റായ www.iiimcat.ac.in വഴി സെപ്റ്റംബർ 13 വൈകിട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം . 2400 രൂപയാണ് അപേക്ഷാഫീസ്. പിന്നോക്ക / ഭിന്നശേഷി വിഭാഗങ്ങൾക്ക് 1200 രൂപയും.50 ശതമാനം മാർക്കോടെ (പിന്നോക്ക / ഭിന്നശേഷി വിഭാഗങ്ങൾക്ക് 45%) ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സി.എ / സി.എസ് /ഐ. സി.ഡബ്ല്യു.എ / എഫ്.ഐ.എ.ഐ തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

അഹമ്മദാബാദ്, അമൃതസർ, ബാംഗ്ലൂർ, ബോധ്ഗയ, കൽക്കട്ട,ഇൻഡോർ, ജമ്മു,കാശിപൂർ, കോഴിക്കോട്, ലഖ്നൗ,നാഗ്പൂർ, റായ്പൂർ,റാഞ്ചി, രോഹ്ത്തക്ക്,സമ്പൽപൂർ, ഷില്ലോംഗ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്പൂർ,വിശാഖപട്ടണം എന്നീ ഇരുപത് ഐ.ഐ.എമ്മുകളിലും കാറ്റ് സ്കോർ പരിഗണിച്ചാണ് പ്രവേശനം. ഓരോ ഐ.ഐ.എമ്മിലും പ്രവേശന രീതി വ്യത്യസ്തമാണ്. ഇവ കൂടാതെ നിരവധി ഇതര മാനേജ്മെൻറ് സ്ഥാപനങ്ങളിലേക്കും കാറ്റ് സ്കോർ പരിഗണിക്കുന്നുണ്ട്.

എല്ലാ ഐ.ഐ.എമ്മുകളിലും പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് (പി.ജി.പി) / മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പ്രോഗ്രാം ലഭ്യമാണ് .കൂടാതെ റിസർച്ച് തലത്തിൽ പി.എച്ച്.ഡി / ഫെല്ലോ പ്രോഗ്രാം ഇൻ മാനേജ്മെൻ്റ് (എഫ്.പി.എം) പ്രോഗ്രാമും ലഭ്യമാണ്. പി.ജി തലത്തിലും റിസർച്ച് തലത്തിലും വിവിധ സ്പെഷ്യലൈസേഷനുകളുണ്ട് . റിസർച്ച് തലത്തിൽ എക്സിക്യൂട്ടീവ് എഫ്.പി.എം / പി.എച്ച്ഡി , പി.എച്ച്ഡി ഫോർ വർക്കിംഗ് പ്രൊഫഷണൽസ് എന്നിവയും ചില ഐ.ഐ.എമ്മുകളിലുണ്ട്. കോഴിക്കോട്‌ ഐ.ഐ.എമ്മിൽ ബിസിനസ് ലീഡർഷിപ്പ്, ഫിനാൻസ്, ലിബറൽ സ്റ്റഡീസ് ആൻ്റ് മാനേജ്മെൻ്റ് എന്നിവയിൽ പി.ജി പ്രോഗ്രാമുകളുണ്ട്.

നവംബർ 26 ന് മൂന്നു സെഷനുകളിലായി ട്ടാണ് പരീക്ഷ. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് . വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ , ഡാറ്റാ ഇൻ്റർപ്രറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നീ മൂന്ന് വിഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. പ്രത്യേക സിലബസില്ല. മോക്ക് ടെസ്റ്റ് കാറ്റ് വെബ്സൈറ്റിലുണ്ട്.

കേരളത്തിൽകോട്ടയം,തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,കണ്ണൂർ,തൃശ്ശൂർ, കൊല്ലം

എന്നിവിടങ്ങളിൽ പരീക്ഷയെഴുതാം. ജനുവരി രണ്ടാം വാരത്തോടെ ഫലം പ്രതീക്ഷിക്കാം .വെബ് സൈറ്റ് : www.iimcat.ac.in

കോമണ്‍ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CMAT):

എ.ഐ.സി.ടി.ഇ അഫിലിയേഷനുള്ളതടക്കം രാജ്യത്തെ ആയിരത്തിലേറെ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ എം.ബി.എ / പി.ജി. ഡി.എം പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( NTA) നടത്തുന്ന പൊതു പ്രവേശന പരീക്ഷ.

വെബ്‌സൈറ്റ്: cmat.nta.nic.in

മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (MAT):

വിവിധ സ്വകാര്യ/ സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ എം.ബി.എ, അനുബന്ധ മാനേജ്‌മെന്റ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ആള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (AIMA) നടത്തുന്ന അഭിരുചി പരീക്ഷ. വെബ്‌സൈറ്റ്: mat.aima.in

കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT):

കേരളത്തിലെ വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് കെമാറ്റ് . കേരള എന്‍ട്രന്‍സ് കമ്മീഷണറാണ് പരീക്ഷ നടത്തുന്നത്.

വെബ്‌സൈറ്റ്: www.cee.kerala.gov.in

സേവിയര്‍ അഡ്മിഷന്‍ ടെസ്റ്റ് (XAT):

ജംഷഡ്പൂരിലെ XLRI (സേവിയര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്) നടത്തുന്ന മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ഈ പരീക്ഷയുടെ സ്‌കോര്‍ രാജ്യത്തെ വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ പ്രവേശനത്തിനായി പരിഗണിക്കാറുണ്ട്.

വെബ്‌സൈറ്റ്: xatonline.in

ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (GMAT):

രാജ്യാന്തര തലത്തില്‍ മാനേജ്‌മെന്റ് പഠനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് ‘ജിമാറ്റ് ‘ . അമേരിക്കയിലെ ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷന്‍ കൗണ്‍സില്‍ (GMAC) ആണ് പരീക്ഷ നടത്തുന്നത്. ഇന്ത്യയിലെ വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ പ്രവേശനത്തിനും ‘ജിമാറ്റ് ‘ സ്കോർ പരിഗണിക്കാറുണ്ട്.

വെബ്‌സൈറ്റ്: www.mba.com

ഓപണ്‍ മാറ്റ് (OPEN MAT):

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയിലെ എം.ബി.എക്കും അനുബന്ധ മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്കുമുള്ള പ്രവേശന പരീക്ഷ .നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ആണ് പരീക്ഷ നടത്തുന്നത്.

വെബ് സൈറ്റ്: www.ignou.ac.in

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍സ് (AIMS) ടെസ്റ്റ് ഫോർ മാനേജ്മെൻ്റ് അഡ്മിഷൻസ് (ATMA):

മാനേജ്‌മെന്റ് അടക്കം വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍സ് (AIMS) രാജ്യാന്തര തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ. രാജ്യത്തെ വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങൾ പ്രവേശനത്തിനായി ‘ആത്മ’ സ്‌കോര്‍ പരിഗണിക്കാറുണ്ട്.

വെബ്‌സൈറ്റ്: www.atmaaims.com

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയ്ഡ് (IIFT) യുടെ വിവിധ കാമ്പസുകളിലുള്ള എം.ബി.എ (ഇന്റര്‍ നാഷണല്‍ ബിസിനസ്സ് ) പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ (iift.nta.nic.in), പൂനെയിലെ സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിവിധ മാനേജ്‌മെന്റ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ SNAP (www.snaptest.org) , പ്രൈവറ്റ് മേഖലയിലെ വിവിധ ബിസിനസ് സ്കൂളുകൾ പരിഗണിക്കുന്ന ഗ്രാജ്വേറ്റ് മാനേജ്മെൻ്റ് അഡ്മിഷൻ കൗൺസിൽ (GMAC) നടത്തുന്ന NMAT (www.gmac.com) തുടങ്ങി നിരവധി പ്രവേശന പരീക്ഷകളും നിലവിലുണ്ട്.

Anver Muttancheri