പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ ജില്ലകളില്‍ 97 അധിക ബാച്ചുകള്‍ക്ക് കൂടി അനുമതി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

പ്ലസ് വണ്‍ പ്രവേശനം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് -4, കോഴിക്കോട് -11, മലപ്പുറം -53, വയനാട് -4, കണ്ണൂര്‍-10, കാസര്‍ഗോഡ്-15 എന്നിങ്ങനെയാണ് ബാച്ചുകള്‍ അനുവദിച്ചത്. ഇതോടെ ഈ വര്‍ഷം ആകെ അനുവദിച്ച ബാച്ചുകളുടെ എണ്ണം 111 ആയി.

രണ്ടാം സപ്ലിമെന്ററിയിലേക്കുള്ള അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ മലബാര്‍ ജില്ലകളില്‍ 15,784 അപേക്ഷകരുണ്ട്. ഇവര്‍ക്കായി 1,879 സീറ്റുകളേ ഒഴിവുള്ളൂ. മലപ്പുറത്ത് മാത്രം 8338 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ സീറ്റിനായി കാത്തിരിക്കുന്നു. ഇവര്‍ക്കായി 23 സീറ്റുകളേ ഒഴിവുള്ളൂ. ഈ സാഹചര്യത്തിലാണ് അധികബാച്ചിനുള്ള സര്‍ക്കാര്‍ തീരുമാനം.

പ്ലസ് വണ്‍ പ്രവേശനത്തിനായി ഏകജാലകം വഴി 4,60,147 പേരാണ് അപേക്ഷിച്ചത്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പൂര്‍ത്തികരിച്ചപ്പോള്‍, ആകെ 4,03,731 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതായും മന്ത്രി അറിയിച്ചു. സയന്‍സ് -17, ഹ്യുമാനിറ്റീസ് -52, കോമേഴ്സ് -28 എന്നിങ്ങനെയാണ് അധിക ബാച്ചുകള്‍. ബാച്ചുകള്‍ ജില്ലതിരിച്ച്:

പാലക്കാട് -ഹ്യുമാനിറ്റീസ്-2, കോമേഴ്സ്-2

കോഴിക്കോട് – സയന്‍സ്-2, ഹ്യുമാനിറ്റീസ്-5, കോമേഴ്സ്-4

മലപ്പുറം – സയന്‍സ്-4, ഹ്യുമാനിറ്റീസ് -32, കോമേഴ്‌സ് 17,

വയനാട് -ഹ്യുമാനിറ്റീസ്-4

കണ്ണൂര്‍ -സയന്‍സ്-4, ഹ്യുമാനിറ്റീസ്-3, കോമേഴ്സ് -3

കാസര്‍ഗോഡ് – സയന്‍സ്-7, ഹ്യുമാനിറ്റീസ്-6, കോമേഴ്സ് -2

മുന്‍വര്‍ഷങ്ങളിലെ 81 താത്കാലിക ബാച്ചുകളും ഗോത്രവിഭാഗങ്ങള്‍ക്കായി ആരംഭിച്ച രണ്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഈ വര്‍ഷം തുടരാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതുകൂടാതെ തെക്കന്‍ ജില്ലകളിലെ 14 ബാച്ചുകള്‍ വടക്കന്‍ ജില്ലകളിലേക്കു പുനഃക്രമീകരിക്കാനും തീരുമാനിച്ചിരുന്നു.

പുതുതായി അനുവദിച്ച അധിക ബാച്ചിനായി മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കും. പുതുതായി അനുവദിച്ച 97 ബാച്ചുകളില്‍ 57 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളിലും 40 എണ്ണം എയിഡഡ് സ്‌കൂളിലുമാണ്. അധിക ബാച്ചുകളില്‍ നിന്ന് 5820 സീറ്റുകള്‍ ലഭ്യമാകും.