ശാസ്ത്രചിന്തയുടെയും ശാസ്ത്രം പഠിച്ചവരുടെയും പ്രധാന്യത്തെ കുറിച്ച് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ലാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്‌ക്കോണ്ടിരിക്കുന്നത്. സംശയമുണ്ടേല്‍ ഈ കോവിഡ്-19 കാലത്ത് നാം സഹായത്തിനായി ഉറ്റുനോക്കുന്നത് ആരുടെയെല്ലാം നേര്‍ക്കാണെന്ന് പരിശോധിക്കാം.
ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഒരു കൂട്ടര്‍. മറ്റൊന്ന് ലാബുകളില്‍ പുതിയ വാക്‌സിനായി പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍. ഇനിയൊന്ന് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊറോണക്കാലത്തെ ജീവിതദുരിതം നീക്കുന്ന എന്‍ജിനീയര്‍മാര്‍. ഇവര്‍ക്കൊക്കെ പൊതുവായി ഉള്ള ഒരു കാര്യം ഇക്കൂട്ടരെല്ലാം സയന്‍സ് പശ്ചാത്തലമുള്ളവരാണ് എന്നതാണ്. എന്‍ജിനീയറും ഡോക്ടറും നഴ്‌സുമാകാം എന്ന പതിവ് സമവാക്യങ്ങള്‍ മാറ്റി വച്ചാല്‍ പോലും എക്കാലത്തും മിനിമം ഗ്യാരന്റി ഉറപ്പ് നല്‍കുന്ന കരിയര്‍ പാതയിലേക്കുള്ള തുടക്കമാണ് സയന്‍സ് ഗ്രൂപ്പ്.
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശത്തിന് ഏറ്റവും കൂടുതല്‍ സീറ്റുള്ളതും സയന്‍സ് ഗ്രൂപ്പിലാണ്. സയന്‍സ് ഗ്രൂപ്പില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ഹോംസയന്‍സ്, ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ 10 വിഷയങ്ങളില്‍ നിന്ന് നാലെണ്ണവും രണ്ട് ഭാഷാവിഷയങ്ങളും തിരഞ്ഞെടുത്ത് പഠിക്കണം. ഒമ്പത് സബ്ജക്ട് കോമ്പിനേഷനുകളാണ് പ്ലസ്ടുവിനുള്ളത്. എല്ലാ സ്‌കൂളുകളിലും എല്ലാ കോമ്പിനേഷനുകളുമുണ്ടാകില്ല. മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി കോമ്പിനേഷന്‍ തിരഞ്ഞെടുക്കണം.
കണക്കിനോട് അത്ര താത്പര്യമില്ലാത്തവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹോംസയന്‍സ്/സൈക്കോളജി കോമ്പിനേഷനെടുത്ത് എന്‍ട്രന്‍സ് പരീക്ഷയിലൂടെ ഡോക്ടറുടെ കുപ്പായമണിയാം. എം.ബി.ബി.എസിന് പുറമേ ബി.ഡി.എസ്., ഹോമിയോപ്പതി, ആയുര്‍വേദ, യുനാനി, നാച്ചുറോപ്പതി, ബി.ഫാം, ആഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, വെറ്ററിനറി സയന്‍സ്, ഡെയറി, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോടെക്‌നോളജി ആന്‍ഡ് ജനിറ്റിക്‌സ്, ബി.എസ്‌സി. നഴ്‌സിങ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് സ്വീകരിക്കാം. അല്ലെങ്കില്‍ ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദത്തിന് ചേരാം.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹോംസയന്‍സ്/ജിയോളജി/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതി എന്‍ജിനീയറിങ്ങിന് ചേരാം. മുന്‍പത്തെ അത്രയും വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റമില്ലെങ്കിലും സാങ്കേതിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ചതാണ് എന്‍ജിനീയറിങ്ങ് പഠനം. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോമെഡിക്കല്‍, മറൈന്‍, എയ്‌റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്‌നിക്കന്‍ മേഖലയില്‍ വരുന്ന പ്രധാന കോഴ്‌സുകളാണ്.
ഈ മേഖലയില്‍ ബി.ടെക്/ബി.ഇ, ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ലഭ്യമാണ്. മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം ഉറപ്പാക്കുന്നതിന് എന്‍ട്രന്‍സ് പരീക്ഷയിലും പ്ലസ് ടു പരീക്ഷയ്ക്കും ഒരേ പോലെ മികച്ച പ്രകടനം കാഴ്ച വയ്ക്കണം. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്‌നോളജി, ഫൂട്‌വെയര്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയും ജോലി സാധ്യതയുള്ള സാങ്കേതിക മേഖലകളാണ്. മെഡിസിനും എന്‍ജിനീയറിംഗും സ്വപ്‌നം കാണുന്നവര്‍ പ്ലസ് ടു പഠനത്തോടൊപ്പം വിവിധ എന്‍ട്രന്‍സ് പരീക്ഷയ്ക്കായും തയ്യാറെടുക്കണം.
ഇനി എന്‍ജിനീയറിങ്ങിന് കിട്ടിയില്ലെങ്കിലും നിരാശരാകേണ്ടതില്ല. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പോളി ടെക്‌നിക്കുകളില്‍ എന്‍ജിനീയറിങ് ഡിപ്ലോമയുണ്ട്. പെയിന്റ് ആന്‍ഡ് കോസ്‌മെറ്റിക് കോസ്‌മെറ്റിക് ടെക്‌നോളജി, ടൂള്‍ ആന്‍ഡ് ഡൈ, ഇന്റീരിയര്‍ ഡിസൈന്‍, പ്ലാസ്റ്റിക് ടെക്‌നോളജി അങ്ങനെ ബി.ടെക്കിനോളം ഗ്ലാമറുള്ള ഒട്ടേറെ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളില്‍ എതെങ്കിലും തിരഞ്ഞെടുക്കാം. വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. നഴ്‌സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി, ഒപ്‌ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, എമര്‍ജന്‍സി കെയര്‍ ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്‌നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്‌നോളജി, സൈറ്റോ ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡയബറ്റോളജി ഇവയെല്ലാം പാരാമെഡിക്കല്‍ മേഖലയിലെ വിവിധ കോഴ്‌സുകളാണ്.
ഗവേഷണ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് തിളങ്ങാന്‍ കഴിയുന്ന പഠന മേഖലയാണ് സയന്‍സ് അനുബന്ധ കോഴ്‌സുകള്‍. ബയോ ടെക്‌നോളജി, മൈക്രോ ബയോളജി, നാനോ ടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ കെമിസ്ട്രി, മെഡിക്കല്‍ ബയോ കെമിസ്ട്രി, ഫുഡ് സയന്‍സ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. ഐ.ടി. മേഖലയിലെ കോഴ്‌സുകളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്, ബി.എസ്.സി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ധാരാളം ലഭ്യമാണ്. പ്ലസ് ടു യോഗ്യതയും മികച്ച കായിക ശേഷിയുമുള്ളവര്‍ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ. പരീക്ഷ. പ്ലസ് ടുവിന് ഫിസിക്‌സും കെമിസ്ട്രിയും മാത്‌സും പഠിച്ചവര്‍ക്ക് പൈലറ്റ് കോഴ്‌സിനും ചേരാവുന്നതാണ്.
വിവരം നൽകുന്നത്
മുജീബുല്ല KM
സിജി കരിയർ ഗൈഡ്