സ്കൂളുകൾ 15 ന് ശേഷം ഭാഗികമായി തുറന്നേക്കും
കോവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഭാഗികമായി തുറക്കുന്നത് പരിഗണനയിൽ.
നയപരമായ തീരുമാനമെടുത്താൽ ഈ മാസം 15 നു ശേഷം സ്കൂളുകൾ തുറക്കാൻ തയ്യാറാണെന്നും വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചു. ആദ്യഘട്ടത്തിൽ 10,12 ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം അനുവദിക്കും. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസ്സുകളിൽ സുരക്ഷിത അകലം ഉറപ്പാക്കും.
ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം. കോവിഡ് കേസുകൾ കൂടുതലുള്ള മേഖലകളിൽ ക്ലാസ്സ് ഒഴിവാക്കും. ഇതിനായി എല്ലാ ജില്ലകളിലെയും കോവിഡ് വിവരങ്ങൾ ശേഖരിച്ചു. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾക്ക് അധിക സമയം ബാക്കിയില്ലെന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഒക്ടോബർ 15 നു ശേഷം സ്കൂളുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നെങ്കിലും സംസ്ഥാനങ്ങൾ മടിച്ചുനിൽക്കുകയായിരുന്നു. യുപിയിലും പുതുച്ചേരിയിലും മാത്രമാണ് ക്ലാസ്സ് തുടങ്ങിയത്. തമിഴ്നാട് 16 മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.