പഠിത്തം കഴിഞ്ഞു രണ്ടു വർഷമായി ജോലികൾക്കായി അപേക്ഷകൾ അയക്കുന്നു. നല്ല മാർക്കൊക്കെ ഉണ്ട് പക്ഷെ ഇൻറർവ്യൂകൾക്കൊന്നും ആരും വിളിക്കുന്നില്ല.

 

പഠനം കഴിഞ്ഞാലുടൻ ലക്ഷങ്ങൾ ശമ്പളം ഉള്ള ജോലിയാണ് പലരുടെയും സ്വപ്നം. എങ്ങനെയാണ് നല്ല ശമ്പളം ഉള്ള ജോലിക്കായി തയ്യാറെടുക്കുന്നത്?

 

അതിന് മുൻപ് ഒരു സിനിമയെ പരിചയപ്പെടുത്താം-

ചിന്താ വിഷ്ടയായ ശ്യാമള . കണ്ടിട്ടില്ലാത്തവർ ഈ സിനിമ കാണണം.

ശ്രീനിവാസൻ അഭിനയിച്ച ചിന്താ വിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ഒരു രംഗമുണ്ട്. സ്കൂൾ മാഷായ വിജയൻ (ശ്രീനിവാസൻ) കൂടുതൽ കാശുണ്ടാക്കാനായി പല പണികളും ചെയ്യുന്നു, അതിലൊന്നും വിജയിക്കാതെ അവസാനം സന്യാസം തിരഞ്ഞെടുക്കും.

ഒരു ദിവസം അവിടുത്തെ ബ്രഹ്മചാരിയുടെ അടുത്തു ചെന്ന് ചോദിക്കും ‘അന്തരീക്ഷത്തിൽ നിന്നും സ്വർണമാലയും വാച്ചും എടുക്കുന്ന പരിപാടി എന്നാണ് പഠിപ്പിക്കുന്നത് എന്ന്?’ അപ്പോൾ ബ്രഹ്മചാരി പറയും ‘അതിനു മാജിക്ക് പഠിച്ചാൽ പോരേ എന്ന്?(ബ്രഹ്മചര്യം ചെയ്തു കാശുണ്ടാക്കണം എങ്കിൽ മാജിക്കും പഠിക്കണം എന്നുള്ളത് വേറെ കാര്യം.)

വിജയൻ മാഷിൽ നിന്നും ഒത്തിരി പഠിക്കാനുണ്ട്. വിജയൻ മാഷിന്റെ പോലെയാണ് പലരുടെയും അവസ്ഥ, പഠിത്തം കഴിഞ്ഞാൽ ഉടനെ ‘ഉന്നത ജോലി’, പക്ഷെ അതിലെത്തപ്പെടാൻ ഉള്ള കഷ്ടതകൾ അനുഭവിക്കാൻ ആരും തന്നെ തയ്യാറല്ല.

നല്ല കോളേജുകൾ, യൂണിവേഴ്സിറ്റികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇവിടെ നിന്നൊക്കെ പാസ് ആകുന്നവർക്ക് പലർക്കും ജോലി കണ്ടെത്താൻ പ്രയാസം ഉണ്ടാവാറില്ല. അവിടെ ക്യാമ്പസ് സെലെക്ഷനിൽ കൂടിത്തന്നെ ജോലികൾ കിട്ടാറുണ്ട്. പക്ഷെ കേരളത്തിൽ ഈ നിലവാരത്തിൽ ഉള്ള കോളേജുകൾ കുറവാണ് ഇവിടെയാണ് വർക്ക് എക്സ്പീരിയൻസ് ആവശ്യമായി വരുന്നത്.

എങ്ങനെയാണ് നല്ലൊരു ജോലിയിൽ എത്തുക? 

ഒരു ശശി തരൂരിനെ പോലെ, മുരളി തുമ്മാരുകുടിയേപ്പോലെ യുഎന്നിലെ, ഉദ്യോഗസ്‌ഥൻ ആവാനോ, ഷെഫ് സുരേഷ് പിള്ളയെ പോലെ ലോകം അറിയുന്ന ഒരു ഷെഫ് ആകാനോ, WHO ൽ വരെ ജോലി നോക്കിയ ഡോക്ടർ എസ്എസ് ലാലിനെ പോലെ ഒരു വൈദ്യ ശാസ്ത്ര വിദഗ്ദൻ ആകാനോ ഒക്കെ പ്രവൃത്തി പരിചയം ആവശ്യമാണ്.

ഇവരൊന്നും വിജയൻ മാഷ് വിചാരിച്ച പോലെ ഒറ്റ ദിവസം കൊണ്ട് സ്വർണ്ണം അന്തരീക്ഷത്തിൽ നിന്നും എടുത്തവരും അല്ല. വളരെ വർഷങ്ങളായി തുടരെയുള്ള പരിശ്രമത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും ഒക്കെ ഫലമായി ആണ് അവരൊക്കെ ഉന്നത സ്ഥാനങ്ങളിൽ എത്തിയത് എന്ന് കാണാം.

 

അപ്പോൾ എവിടെയാണ് തുടങ്ങുക.

“The secret to getting ahead is getting started” എന്ന് കേട്ടിട്ടില്ലേ?

പ്രവൃത്തി പരിചയം ഇല്ലാതെ ആരും ജോലിക്ക് എടുക്കില്ല എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്.

 

ഇനി എങ്ങിനെയാണ് പ്രവൃത്തി പരിചയം കിട്ടുക എന്ന് നോക്കാം.

1. ആദ്യമായി നല്ലൊരു സിവിയും കവർ ലെറ്ററും ഉണ്ടാക്കുക.

തെറ്റുകൾ ഇല്ലാത്ത, കൃത്യമായ വിവരങ്ങൾ അടങ്ങിയ സിവി ഉണ്ടാക്കുക എന്നത് വളരെ പ്രധാനമാണ്.

 

2. ലിങ്ക്ഡ് ഇൻ പോലെയുള്ള പ്രൊഫഷണൽ സോഷ്യൽ സൈറ്റുകളിൽ അംഗമാകുക. നിങ്ങളുടെ മേഖലയിൽ ഉള്ള ആളുകളെ കണ്ടെത്തുക. അവർക്ക് സിവി ഇമെയിൽ വഴി അയച്ചു കൊടുക്കാം.

 

3. നിങ്ങളുടെ സ്കില്ലുകൾ മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കുക.

 

4. ആദ്യത്തെ ജോലി ഫ്രീ ആയി ചെയ്യാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സന്നദ്ധമായിരിക്കുക.

സാലറി ഉള്ള ജോലിയൊന്നും ശരി ആയില്ലെങ്കിൽ, നിങ്ങൾക്ക് നൈപുണ്യവും വിദ്യാഭ്യാസവും ഉള്ള മേഖലയിൽ പ്രവർത്തിക്കുന്നതായ കമ്പനികളിൽ നേരിട്ടെഴുത്തുക, നിങ്ങൾ ആറു മാസം ഫ്രീ ആയി ജോലി ചെയ്യാൻ സന്നദ്ധമാണ് എന്ന് പറയുക . ഈ സമയത്ത് നിങ്ങളുടെ നിത്യചെലവുകൾക്കായി ചിലപ്പോൾ വൈകുന്നേരം മറ്റൊരു ജോലി ചെയ്യേണ്ടതായി വരും (ഉദാഹരണത്തിന് ഹോട്ടലിൽ; സൂപ്പർ മാർക്കെറ്റിൽ, ട്യൂഷൻ മുതലായവ). നിങ്ങളുടെ commitment അടിസ്ഥാനത്തിൽ കമ്പനികൾ ജോലികൾ തന്നു എന് വരും

 

5. മുകളിൽ ഫ്രീ ആയി ചെയ്‍ത ജോലിയുടെ എക്സ്പീരിയൻസ് വച്ച് അടുത്ത ജോലിക്കായി അപ്ലൈ ചെയ്യാം. അതിൽ നിന്നും കിട്ടിയ എക്സ്പീരിയൻസ് വച്ച് അതിനടുത്ത പൊസിഷനിലേക്ക്. അങ്ങിനെ അങ്ങനെ ഉന്നത തലങ്ങളിൽ എത്താം.

 

പറഞ്ഞു വന്നത് എക്സ്പീരിയൻസിനായി ചിലപ്പോൾ കുറച്ചു കാലം ഫ്രീ ആയി ജോലി നോക്കേണ്ടി വരും.

ആ ഒരു തുടക്കം മതി അടുത്തടുത്ത ജോലികളിലേക്ക് പോകുവാൻ.

കേട്ടിട്ടില്ലേ? A long journey starts with a single step‘.

നിങ്ങളുടെ ആദ്യത്തെ ആ കാൽവെയ്പ്പാണ്, ആ വലിയ യാത്രയുടെ തുടക്കം.

ചിലപ്പോൾ ആ കാൽ വയ്പ്പ് ഫ്രീ ആയി ജോലി ചെയ്‌തെടുക്കുന്ന എക്സ്പീരിയൻസ് കൊണ്ടാവും.

 

ഒരിക്കലും ഇല്ലാത്ത പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും കൊണ്ട് ഒരു ജോലിക്കും അപേക്ഷിക്കരുത്, അത് ചിലപ്പോൾ നിങ്ങൾക്ക് എട്ടിന്റെ പണി തന്നേക്കാം.

 

തമാശയല്ലിത്, ഗൗരവപൂർവ്വം എടുക്കാനുള്ള പോയന്റുകളാണ് മേൽപറഞ്ഞത്.

മുജീബുല്ല കെഎം,

സിജി കരിയർ ടീം

00971509220561_