Friday, March 29, 2024
HomeEducational Newsജെ.ഇ.ഇ പരീക്ഷകളും തിരിഞ്ഞിരിക്കുന്ന മലയാളികളും

ജെ.ഇ.ഇ പരീക്ഷകളും തിരിഞ്ഞിരിക്കുന്ന മലയാളികളും

കേരളത്തില്‍ എഞ്ചിനീയര്‍മാരെ തട്ടിയിട്ട് നടക്കാനാവുന്നില്ലെന്നും സപ്ലൈ കൂടിയതുകൊണ്ട് ഡിമാന്റ് കുറഞ്ഞു എന്നുമാണ് പൊതുവെ പറയാറ്. ഒരു കല്ല് ആകാശത്ത് നിന്നെറിഞ്ഞാല്‍ ഒന്നുകിൽ ഒരെഞ്ചിനീയറുടെയോ അല്ലെങ്കിൽ ബംഗാളിയുടെ മണ്ടയിലോ തൊടാതെ നിലത്ത് വീഴില്ല എന്നും എഞ്ചിനീയർമാരുടെ ആധിക്യത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ സംഭവം യാഥാര്‍ത്ഥ്യമാണോ എന്നു സെര്‍ച്ച് ചെയ്തപ്പോഴാണ് ചില തിക്ത യാഥാര്‍ത്ഥ്യങ്ങള്‍ മുന്നില്‍പെട്ടത്. മലയാളികള്‍ ഇനിയുമേറെ തിരുത്തേണ്ട ഞെട്ടിക്കുന്ന സത്യങ്ങള്‍. സത്യത്തിൽ എഞ്ചിനീയര്‍മാര്‍ക്ക് പണിയില്ലെന്ന് നാടുനീളെ പറഞ്ഞുനടക്കുമെങ്കിലും ഗുണമേന്മയുള്ള എഞ്ചിനീയര്‍മാരെ ഉണ്ടാക്കാന്‍ നമുക്കൊട്ടും താല്‍പര്യമില്ല എന്നതല്ലേ സത്യം. ഈയിടെ പുറത്തുവന്ന JEE എൻ ട്രൻസ് എക്സാം ഫലങ്ങൾ അതിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്.

രാജ്യത്തെ ഏറ്റവും പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളാണ് ജെ.ഇ.ഇ മെയിന്‍സും ജെ.ഇ.ഇ അഡ്വാന്‍സ്ഡും. രണ്ടും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷകളാണ്. പ്ലസ്ടു സയന്‍സ് ആണ് യോഗ്യത. രണ്ടിലും പി.സി.എം. അഥവാ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നീ വിഷയങ്ങളാണ് പഠിപ്പിക്കപ്പെടുന്നത്.

ജെ.ഇ.ഇ മെയിന്‍സ് എന്‍.ഐ.ടി കളിലേക്കുള്ള പരീക്ഷകളാണ്. എന്‍.ഐ.ടികള്‍ക്കുപുറമെ ഐ.ഐ.ഐടികള്‍(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി),സി.എഫ്.ടി.ഐകള്‍, മറ്റു ചില കേന്ദ്ര സംസ്ഥാന എഞ്ചിനീയറിംഗ് കോളെജുകള്‍ എന്നിവിടങ്ങളിലെ ബി.ടെക്, ബി.ഇ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകളാണിവ. മൂന്നു മണിക്കൂര്‍ നീളുന്ന ഒരു പരീക്ഷ, പ്ലസ്ടുവില്‍ 75 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് പരീക്ഷയ്ക്കിരിക്കാം. എത്രതവണയും പരീക്ഷയെഴുതാം. പ്ലസ് വണ്‍, പ്ലസ് ടുവിലെ സിലബസാണ് പരീക്ഷക്കാധാരം.

ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പേര് പോലെ തന്നെ ഒന്നു കൂടി അഡ്വാന്‍സ്ഡാണ്. രാജ്യത്തെ 23 ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷ. ഏതാണ്ട് 17,000 സീറ്റുകള്‍. ജെ.ഇ.ഇ മെയിന്‍സില്‍ ആദ്യ രണ്ട് ലക്ഷം റാങ്കില്‍ വരുന്നവര്‍ക്കേ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എഴുതാന്‍ പറ്റൂ. അതും തുടര്‍ച്ചയായ രണ്ട് ശ്രമങ്ങള്‍ മാത്രം. മൂന്ന് മണിക്കൂര്‍ നീളുന്ന മൂന്ന് ടെസ്റ്റുകള്‍. സിലബസ് പ്ലസ്ടു ലെവല്‍ തന്നെ. പക്ഷെ, മെയിന്‍സിനേക്കാള്‍ ഒന്നു കൂടി കടുപ്പമായിരിക്കും അഡ്വാന്‍സ്ഡ്. ആഴത്തിലുള്ള സങ്കല്‍പങ്ങള്‍ കൃത്യമായി പരിശോധിക്കപ്പെടുന്ന ചോദ്യങ്ങളുണ്ടാകും.

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. രാജ്യത്തെ എണ്ണം പറഞ്ഞ എഞ്ചിനിയേഴ്‌സിനെ തെരഞ്ഞെടുക്കപ്പെടുന്ന ഈ പരീക്ഷയില്‍ മലയാളികളുടെ പ്രാതിനിധ്യം എത്രയാണ്? മൃഗീയം എന്നു തന്നെ വിശേഷിപ്പിക്കേണ്ടിവരും. പക്ഷെ, അതിനേക്കാളേറെ ദയനീയം ഈ വിഷയം നമ്മുടെ വിദ്യാഭ്യാസ ചര്‍ച്ചകളിലോ ആലോചനകളിലോ കടന്നുവരുന്നില്ല എന്നതാണ്.

ജെ.ഇ.ഇ മെയിന്‍സിന്റെ 2022 റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ കേരളത്തിന് ആകെയുള്ള മെച്ച്ം തോമസ് ബിജുവിന് ഫുള്‍മാര്‍ക്ക് കിട്ടി എന്നതാണ്. ഇന്ത്യയില്‍ ആകെ 24 പേര്‍ക്കാണ് നൂറ് ശതമാനം മാര്‍ക്ക് ലഭിച്ചത്. സാധാരണത്തേതില്‍ നിന്ന് ഭിന്നമായി ഇതില്‍ ഒരു മലയാളി കയറിക്കൂടി. തോമസ് ബിജുവിന് അഭിനന്ദനങ്ങള്‍. എന്നാല്‍ മൊത്തത്തില്‍ ഫലമെങ്ങനെ? ആദ്യ പത്തായിരം റാങ്കില്‍ മലയാളികളുടെ എണ്ണം ഏതാണ്ട് 130 എണ്ണം മാത്രം. 2018ല്‍ 240 മലയാളികളുണ്ടായിരുന്നു. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് പകുതിയായി ചുരുങ്ങി.

ജെ.ഇ.ഇ അഡ്വാന്‍സ്ഡ് ലെവലിലെത്തുമ്പോള്‍ ഇത് വീണ്ടും ദയനീയമാം വിധം ചുരുങ്ങുന്നു. തോമസ് ബിജുവിന് മൂന്നാം റാങ്ക് കിട്ടിയതാണ് എടുത്തുപറയാവുന്ന നേട്ടം. ആദ്യത്തെ ആയിരത്തില്‍ ഏതാണ്ട് പതിനഞ്ചോ പതിനാറോ പേര്‍ മാത്രം. അഥവാ കേവലം 1.6 ശതമാനം.

സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസത്തിലും അപാരമെന്നു മേനി നടിക്കുന്ന നമുക്ക് എന്തുകൊണ്ട് ഈ റിസല്‍ട്ടുകള്‍ അപ്രാപ്യമാകുന്നു എന്ന് കണ്ണുതുറന്നാലോചിക്കേണ്ടതുണ്ട്.
കാരണങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്. ഗണിതത്തിനും സയന്‍സ് വിഷയങ്ങള്‍ക്കും നാം നല്‍കുന്ന പരിമിതമായ പരിഗണനയും ജെ.ഇ.ഇ മത്സര പരീക്ഷയെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവുമാണ് പ്രധാന ശത്രു.

പത്തിലും പന്ത്രണ്ടിലും കൂടുതല്‍ എ.പ്ലസ് നേടുക എന്നതിനപ്പുറം മത്സര പരീക്ഷകള്‍ കൂടി സംയോജിപ്പിച്ച സമഗ്ര സ്‌കൂളിംഗ് സമ്പ്രദായം കേരളത്തിനന്യമാണ്. റ്റിയൂഷന് പോകുന്നത് ബോര്‍ഡ് എക്‌സാമില്‍ മാര്‍ക്ക് കൂട്ടാനാണ്. അല്ലാതെ മത്സര പരീക്ഷകള്‍ക്ക് വിജയം നേടാനല്ല. നേരത്തെയുള്ള ഫൗണ്ടേഷനാണ് ഏക പരിഹാരം. യു.പി, രാജസ്ഥാന്‍, ആന്ഡ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കോട്ടയിലും നാരായണയിലും നാലാം ക്ലാസു മുതല്‍ ഇന്റഗ്രേറ്റഡായി ജെ.ഇ.ഇ കോച്ചിംഗ് ചെയ്യുന്ന കുട്ടികളോടാണ് കേവലം പത്താം ക്ലാസിനു ശേഷമോ പ്ലസ്ടുവിനു ശേഷമോ ജെ.ഇ.ഇക്ക് പോകുന്ന നമ്മുടെ കുട്ടികള്‍ മത്സരിക്കേണ്ടത്. ബ്രില്ല്യന്‍സ് പാലാക്ക് ശേഷം നല്ല കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അഭാവവും കോച്ചിംഗിന് വേണ്ടി മുടക്കേണ്ട വമ്പിച്ച ഫീസും മറ്റൊരു പ്രശ്‌നമാണ്.

ലളിതവല്‍ക്കരണമല്ല, മറിച്ച് മികച്ച കുട്ടികള്‍ക്ക് കണക്കിന്റെ അടിസ്ഥാന തത്വങ്ങളുടെ ആഴത്തിലുള്ള ഗ്രാഹ്യം കൂടി നല്‍കുന്നതാകണം നമ്മുടെ കണക്കിന്റെ കരിക്കുലം സെറ്റിംഗിന്റെ മര്‍മം.

ഇത് കേവലം നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, കൂടുതലാലോചിച്ചാല്‍, നമ്മുടെ സംസ്ഥാനത്തിന്റെ വ്യവസായികവല്‍ക്കരണത്തെയും എന്തിന് നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കുവരെ കാരണമാകാവുന്ന പ്രശ്‌നം കൂടിയാണ്..

ഷാഹിദ് തിരുവള്ളൂർ

Niyas Narippatta
Niyas Narippatta
Web Freelancer

1 COMMENT

  1. ഇതിൽ കുറച്ചു കൂടി വിഷയങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന് തോന്നുന്നു. IITകളിൽ admission കിട്ടുന്ന കുട്ടികളിൽ പലരും ശരിയായ അഭിരുചി ഇല്ലാത്തവരാണ് എന്നതാണ് സത്യം. IIT കളിൽ interview ചെയ്യാൻ പോയ സഹ പ്രവർത്തകരുടെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. ആന്ധ്രയിലും മറ്റുമുള്ള പല സ്കൂളുകളിലും നടക്കുന്നത് രക്ഷിതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി വളരെ ചെറിയ പ്രായത്തിൽ തന്നെ കഠിനമായ ട്രെയിനിങ്ങിലൂടെ IIT admission എന്നത് ഒരു ലക്‌ഷ്യം ആക്കി പഠിപ്പിക്കുകയാണ്. കുട്ടികളുടെ അഭിരുചിക്ക് ഒരു വിലയും കൊടുക്കാതെ രക്ഷിതാക്കളുടെ സ്വപ്നങ്ങളുടെ പിന്നാലെ തള്ളിവിടപ്പെടുന്ന കുട്ടികൾ IIT admission കിട്ടുന്നതോടെ തങ്ങളുടെ ജീവിത ലക്‌ഷ്യം സാക്ഷാൽക്കരിച്ച അവസ്ഥയിലേക്ക് മാറുന്നു. എഞ്ചിനീയറിംഗ് അഭിരുചി ഇല്ലാത്ത പലരും ഇതിനു ശേഷം പരാജയപ്പെടുന്നു.
    ഈ അവസ്ഥ നമ്മുടെ കേരളത്തിലും കാണാവുന്നതാണ്. കുട്ടികളുടെ അഭിരുചി കണക്കിലെടുക്കാതെ കോഴ്സ് തെരഞ്ഞെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ആണ് ഉണ്ടാക്കുക. എഞ്ചിനീയറിംഗ് മേഖലയിൽ പ്രത്യേകിച്ചും അഭിരുചിക്ക് വളരെ പ്രാധാന്യമുണ്ട് എന്ന് എന്റെ സ്വന്തം experience വെച്ച് ഉറച്ചു പറയാനാവും. infact, അഭിരുചിയുള്ള എഞ്ചിനീയർമാർ ഇന്നും ആവശ്യത്തിലും വളരെ വളരെ കുറവാണ്.

    അഭിരുചി ഉള്ളവരെ വേർതിരിച്ചെടുക്കാതെ coaching standardil ഇൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അബദ്ധമാവും എന്ന് പറയാനാണ് ഇത്രയും എഴുതിയത്. ആശംസകളോടെ, Muneer CH

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments