Thursday, April 25, 2024
HomeEducational Newsമൂന്നാം ക്ലാസിലെ 56% കുട്ടികൾക്കും മലയാളം വായിക്കാനറിയില്ല.

മൂന്നാം ക്ലാസിലെ 56% കുട്ടികൾക്കും മലയാളം വായിക്കാനറിയില്ല.


ന്യൂഡൽഹി: കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 56 ശതമാനം പേർക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ കഴിയുന്നില്ലെന്ന് സർവേ റിപ്പോർട്ട്.

അടിസ്ഥാനപഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന കേന്ദ്രപദ്ധതി ‘നിപുൺ മിഷ’ന്റെ ഭാഗമായി, എൻ.സി.ഇ.ആർ.ടി.യും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് സർവേ നടത്തിയത്. സംസ്ഥാനത്തെ 104 സ്കൂളുകളിലെ 1,061 വിദ്യാർഥികളിലാണ് സർവേ സംഘടിപ്പിച്ചത്.

റിപ്പോർട്ടുപ്രകാരം, കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 16 ശതമാനം പേർക്ക് മാത്രമാണ് മലയാളത്തിൽ ശരാശരിക്കുമുകളിൽ പ്രാവീണ്യമുള്ളത്. ഇക്കൂട്ടർക്ക് ഒരു മിനിറ്റിനുള്ളിൽ അമ്പത്തിയൊന്നോ അതിലധികമോ വാക്കുകൾ തെറ്റ് വരുത്താതെ വായിക്കാനും അർഥം മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. 28 ശതമാനം വിദ്യാർഥികൾക്ക് ശരാശരിയോടടുത്ത് പ്രാവീണ്യമുണ്ട്. ഇവർക്ക് ഒരു മിനിറ്റിനുള്ളിൽ 28 മുതൽ 50 വരെ വാക്കുകൾ കൃത്യമായി വായിക്കാനും മനസ്സിലാക്കാനും കഴിയും.

ബാക്കി 56 ശതമാനം വിദ്യാർഥികൾക്കും ശരിയായി വായിക്കനോ ഗ്രഹിക്കാനോ കഴിയുന്നില്ല. ഇവരിൽത്തന്നെ 17 ശതമാനം പേർക്ക് പത്തുവാക്കിൽ കൂടുതൽ ഒരു മിനിറ്റിനുള്ളിൽ അർഥം ഗ്രഹിച്ച് വായിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വിഭാഗക്കാർക്ക് അടിസ്ഥാന അറിവ് വളരെ കുറവാണ്. അതിനാൽ പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന ഗ്രേഡ്-ലെവൽ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ഇവർക്ക് കഴിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലും വിദ്യാർഥികൾക്ക് പ്രാദേശിക ഭാഷാ പ്രാവീണ്യം കുറവാണ്. അസമിലെ 67 ശതമാനം വിദ്യാർഥികൾക്ക് അസമീസ് ഭാഷയിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞില്ല. മേഘാലയയിലെ 61 ശതമാനം പേർക്ക് ഖാസിയിലും മണിപ്പുരിലെ 54 ശതമാനം വിദ്യാർഥികൾക്ക് മണിപ്പുരിയിലും 59 ശതമാനം ഗോവൻ വിദ്യാർഥികൾക്ക് കൊങ്കിണിയിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. രാജ്യത്തെ 10,000 സ്കൂളുകളിൽനിന്നുള്ള 86,000 മൂന്നാംക്ലാസ് വിദ്യാർഥികളാണ് സർവേയിൽ പങ്കെടുത്തത്. സർക്കാർ സ്കൂളുകൾ, സർക്കാർ-എയ്ഡഡ് സ്കൂളുകൾ, സ്വകാര്യ അംഗീകൃത, കേന്ദ്രസർക്കാർ സ്കൂളുകൾ എന്നിവ ഉൾപ്പെടെയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments