Friday, April 12, 2024
HomeEducational Newsപ്ലസ്ടു/ ഡിപ്ലോമക്കാര്‍ക്ക് വ്യോമസേനയില്‍ എയര്‍മെന്‍ ആകാം*

പ്ലസ്ടു/ ഡിപ്ലോമക്കാര്‍ക്ക് വ്യോമസേനയില്‍ എയര്‍മെന്‍ ആകാം*

പ്ലസ്ടു/ ഡിപ്ലോമക്കാര്‍ക്ക് വ്യോമസേനയില്‍ എയര്‍മെന്‍ ആകാം

പരിശീലന കാലയളവില്‍ 14600 രൂപ സ്‌റ്റൈപ്പന്‍ഡായി ലഭിക്കും. ഫെബ്രുവരി 7 വരെ അപേക്ഷിക്കാം

ഇന്ത്യൻ വ്യോമസേനയിലെ എയർമെൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം. അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് എക്സ് ട്രേഡുകൾ (എജുക്കേഷൻ ഇൻസ്ട്രക്ടർ ഒഴികെ), ഗ്രൂപ്പ് വൈ ട്രേഡുകൾ (സെക്യൂരിറ്റി, മ്യൂസിഷൻ ട്രേഡുകൾ ഒഴികെ) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജനുവരി 22 മുതൽ അപേക്ഷിക്കാം. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്ക് കൊച്ചിയിലെ എയർമെൻ സെലക്ഷൻ സെന്ററാണ് തിരഞ്ഞെടുപ്പ് നടത്തുക.
യോഗ്യത: ഗ്രൂപ്പ് എക്സ് വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ അടങ്ങിയ പ്ലസ്ടു അല്ലെങ്കിൽ മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമ പാസായിരിക്കണം. ഗ്രൂപ്പ് വൈ വിഭാഗത്തിൽ പ്ലസ്ടു അല്ലെങ്കിൽ രണ്ടുവർഷത്തെ വൊക്കേഷണൽ കോഴ്സ് ആണ് യോഗ്യത. ഗ്രൂപ്പ് വൈ വിഭാഗത്തിലെ മെഡിക്കൽ ട്രേഡിലേക്കാണെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളായുള്ള പ്ലസ് ടു പാസായിരിക്കണം.
കോഴ്സിന് ആകെയും ഇംഗ്ലീഷിന് മാത്രമായും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്നത് പൊതു നിബന്ധനയാണ്. ഡിപ്ലോമക്കാർക്ക് ഗ്രൂപ്പ് എക്സ് വിഭാഗത്തിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നിശ്ചിത യോഗ്യതയുള്ള പ്ലസ്ടുക്കാർക്ക് ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ വിഭാഗത്തിലേക്ക് ഒരുമിച്ച് അപേക്ഷ നൽകാം.
പ്രായപരിധി: 2001 ജനുവരി 16-നും 2004 ഡിസംബർ 29-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രക്രിയകളും പൂർത്തിയാകുമ്പോൾ പരമാവധി പ്രായം 21 വയസ്സായിരിക്കണം.
ശാരീരികയോഗ്യത: ഐ.എ.എഫ്. (പോലീസ്) വിഭാഗത്തിൽ കുറഞ്ഞത് 175 സെന്റിമീറ്ററും ഓട്ടോടെക് ട്രേഡിൽ 165 സെന്റിമീറ്ററുമാണ് ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം. മറ്റ് ട്രേഡുകളിലെല്ലാം കുറഞ്ഞ ഉയരം 152.5 സെന്റിമീറ്ററാണ്. നെഞ്ചളവിന്റെ കുറഞ്ഞ വികാസം അഞ്ച് സെന്റിമീറ്റർ. ഭാരം ഉയരത്തിനും വയസ്സിനും അനുസൃതമായുണ്ടായിരിക്കണം. ഓപ്പറേഷൻ അസിസ്റ്റന്റ് ട്രേഡിലുള്ളവർക്ക് ചുരുങ്ങിയത് 55 കിലോഗ്രാം ആവശ്യമാണ്. ആവശ്യമായ മറ്റ് ശാരീരിക യോഗ്യതകളുടെ വിശദവിവരങ്ങൾ www.airmenselection.cdac.in എന്ന വെബ്സൈറ്റിലുണ്ട്.
പരീക്ഷ: മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഓൺലൈൻ പരീക്ഷയാണ്. ഇതിൽ വിജയിച്ചവർക്കാണ് രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം. പരീക്ഷാകേന്ദ്രം നേരത്തേ അറിയിക്കും. ഓൺലൈൻ പരീക്ഷ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കും. ഗ്രൂപ്പ് എക്സ് വിഭാഗത്തിലേക്ക് അപേക്ഷിച്ചവർക്ക് പരീക്ഷ 60 മിനിറ്റായിരിക്കും. പ്ലസ് ടു സിലബസിലെ ഇംഗ്ലീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങളുണ്ടാകുക.
ഗ്രൂപ്പ് വൈ വിഭാഗത്തിലുള്ളവർക്ക് പരീക്ഷ 45 മിനിറ്റാണ്. പ്ലസ് ടു സിലബസിലെ ഇംഗ്ലീഷിൽനിന്നും ഒപ്പം റീസണിങ് ആൻഡ് ജനറൽ അവയർനസിൽനിന്നുമുള്ള ചോദ്യങ്ങളാണുണ്ടാകുക. ഗ്രൂപ്പ് എക്സ്, വൈ വിഭാഗങ്ങളിലേക്ക് ഒരുമിച്ച് പരീക്ഷയെഴുതാം. ഇവർക്ക് 85 മിനിറ്റിന്റെ പരീക്ഷയാണുണ്ടാകുക. ചോദ്യങ്ങൾ പ്ലസ് ടു സിലബസിലെ ഇംഗ്ലീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽനിന്നുള്ളതും റീസണിങ് ആൻഡ് ജനറൽ അവയർനസ് അളക്കുന്നതുമായ ചോദ്യങ്ങളുണ്ടാകും. ശരിയായ ഉത്തരത്തിന് ഒരു മാർക്ക് ലഭിക്കും. ഉത്തരം തെറ്റിയാൽ 0.25 മാർക്ക് നഷ്ടപ്പെടും.
മികച്ച മാർക്ക് നേടിയവർക്കാണ് രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം. രണ്ടാംഘട്ടത്തിൽ കായികക്ഷമതാപരിശോധനയും രണ്ട് എഴുത്തുപരീക്ഷകളും രേഖാപരിശോധനയുമുണ്ടാകും. ആറര മിനിറ്റുകൊണ്ട് 1.6 കിലോമീറ്റർ ദൂരം ഓട്ടം, 10 പുഷ് അപ്സ്, 10 സിറ്റ് അപ്സ്, 20 സ്ക്വാറ്റ്സ് എന്നിവയാണ് കായികക്ഷമതാപരിശോധനയുടെ ഭാഗമായി പൂർത്തിയാക്കേണ്ടത്. സൈനികസേവനത്തിനും വിവിധ സ്ഥലങ്ങളിലെ സേവനത്തിനും നമ്മൾ അനുയോജ്യരാണോയെന്ന് പരിശോധിക്കുന്നതിനുള്ള എഴുത്തുപരീക്ഷകളാണുണ്ടാകുക. രണ്ടാംഘട്ടം വിജയിക്കുന്നവർക്ക് മൂന്നാംഘട്ടത്തിൽ ആരോഗ്യപരിശോധനയുണ്ടാകും.
പരിശീലനം: രാജ്യത്തെ ഏതെങ്കിലും പരിശീലന കേന്ദ്രത്തിൽ ജോയിന്റ് ബേസിക് ഫേസ് ട്രെയിനിങ്ങിനാണ് അത് നിയോഗിക്കുക. പരിശീലന കാലയളവിൽ 14600 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. പരിശീലനത്തിനുശേഷം അതത് ട്രേഡുകളിൽ നിയമനം ലഭിക്കും. ട്രേഡ് പിന്നീട് മാറ്റാൻ സാധിക്കില്ല.
പരീക്ഷാഫീസ്: 250 രൂപ. ഇത് ഓൺലൈനായോ ആക്സിസ് ബാങ്കിൽ നേരിട്ടോ അടയ്ക്കാം.
അപേക്ഷ: വിശദവിവരങ്ങൾ www.airmenselection.cdac.in, www.careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിലുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് കൊച്ചിയിലെ എയർമെൻ സെലക്ഷൻ സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 0484 – 2427010, 9188431092, 9188431093. അവസാന തീയതി: ഫെബ്രുവരി 7.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments